കെഎസ്ആർടിസി ബസിനടിയിലേക്ക് വീണു, മുടി ചക്രത്തില്‍ കുരുങ്ങി; മരണത്തെ മുഖാമുഖം കണ്ട് യുവതി, അത്ഭുതകരമായ രക്ഷപ്പെടല്‍

Jaihind Webdesk
Tuesday, January 31, 2023

 

കോട്ടയം: കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ യുവതിയുടെ മുടി ചക്രത്തിൽ കുടുങ്ങി. സമീപത്തെ തട്ടുകടക്കാരൻ കത്തികൊണ്ട് മുടി മുറിച്ച് യുവതിയെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5.30 ന് എംസി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിനടുത്താണ് സംഭവം.

ഇത്തിത്താനത്തെ സ്വകാര്യ സ്കൂളിന്‍റെ ബസിൽ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സ്കൂൾ ബസിലെ കുട്ടികളെ റോഡിന് കുറുകെ കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്നു അമ്പിളി. കെഎസ്ആർടിസി ബസ് വരുന്നതുകണ്ട് ഓടിയപ്പോൾ കാൽ വഴുതി ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഡ്രൈവർ വണ്ടി വെട്ടിച്ച് നിർത്തിയതിനാൽ ബസ് തലയിൽ കയറാതെ അമ്പിളി രക്ഷപ്പെട്ടു. എന്നാൽ മുടി ടയറിന്‍റെ ഇടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് സമീപത്ത് തട്ടുകട നടത്തുന്ന കൃഷ്ണൻ എന്നയാള്‍ കത്തി കൊണ്ട് മുടി മുറിച്ച് അമ്പിളിയെ രക്ഷിക്കുകയായിരുന്നു. തലയിൽ ചെറിയ മുറിവുകൾ ഉണ്ടായത് ഒഴിച്ചാൽ അമ്പിളിക്ക് കാര്യമായ പരിക്കുകളില്ല.