കൂടുതല്‍ കരുത്തോടെ മെഴ്സിഡസ് AMG SLC 43 2019 മോഡല്‍

Jaihind News Bureau
Thursday, June 14, 2018

മെഴ്സിഡസ് ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ എസ്.എല്‍.സി മോഡലായ AMG SLC 43 യുടെ പരിഷ്കരിച്ച പതിപ്പാണ് മെഴ്സിഡസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  കൂടുതല്‍ കരുത്തോടെ എത്തുന്ന ഈ പുതിയ പതിപ്പില്‍ ആകര്‍ഷകമായ നിരവധി പ്രത്യേകതകളും ഒരുക്കുന്നുണ്ട്.ഏറെ ആരാധകരുള്ള മെഴ്സിഡസിന്‍റെ ഈ കണ്‍വെര്‍ട്ടിബിള്‍ മോഡല്‍ കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ലെങ്കിലും കൂടുതല്‍ പ്രവര്‍ത്തനമികവ് നല്‍കുന്ന തരത്തില്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. 3.0 ലിറ്റര്‍ V6 ബൈടര്‍ബോ എന്‍ജിന്‍ തന്നെയാണ് 2019 മോഡലിലും ഉള്ളതെങ്കിലും കൂടുതല്‍ കരുത്ത് പ്രദാനം ചെയ്യുന്ന തരത്തില്‍ പാകപ്പെടുത്തിയിട്ടുണ്ട്.

385 bhp യാണ് എന്‍ജിന്‍ കരുത്ത്. 362 bhp കരുത്താണ് പഴയ മോഡലിനുള്ളത്. അതേസമയം ടോര്‍ക്ക് പഴയ മോഡലിലേത് പോലെ 520 Nm തന്നെയാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍‌  പുതിയ മോഡലിന് 4.6 സെക്കന്‍ഡില്‍‌ താഴെ സമയം മതിയാകും.

എന്‍ജിനില്‍ മാത്രമല്ല ഇന്‍റീരിയറിലും പ്രത്യേകതകളോടെയാണ് AMG SLC 43 എത്തുന്നത്. ആട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റോട് കൂടിയ ഹെഡ് ലാംപുകളാണ് AMG SLC 43 യിലുള്ളത്. ഡ്യുവല്‍ സോണ്‍‌ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, അനലോഗ് ക്ലോക്ക്, ഹാര്‍മന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് അസിസ്റ്റ്, പാര്‍ക്ക് ട്രോണിക് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളെല്ലാം പുതിയ മോഡലിനുമുണ്ടാകും.  ഗ്രാഫൈറ്റ് ഗ്രേ നിറത്തിലും പുതിയ മോഡല്‍ ലഭ്യമാകും.