കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപില്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

Jaihind News Bureau
Thursday, July 26, 2018

കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തലവടി കുന്തിരിക്കൽ കോടത്തുശേരിൽ ബിജുവിന്റെ ഭാര്യ ഗിരിജ (41) ആണ് മരിച്ചത്. തലവടി കോടത്തുശേരിയിലെ ക്യാംപിനെയായിരുന്നു ഗിരിജയും കുടുംബവും ഭക്ഷണത്തിന് ആശ്രയിച്ചിരുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം ആലപ്പുഴ-ചങ്ങനാശേരി എസി റോഡിലെ വെള്ളക്കെട്ട് നീക്കുന്നതിനായി പമ്പിംഗ് ആരംഭിച്ചു. രണ്ടോ മൂന്നോ പമ്പുകൾ ഒരേസമയം ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യും. മുറിഞ്ഞ ബണ്ട് പുനഃസ്ഥാപിക്കാനായി ആറ് ലക്ഷം മുതൽ പത്ത് ലക്ഷം വരെ രൂപ വേണ്ടിവരും. രണ്ട് ലക്ഷം രൂപയെങ്കിലും മുൻകൂറായി നൽകുന്നതിന് നടപടി എടുക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

അതിനിടെ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് പ്രാഥമികാവശ്യങ്ങൾക്കായി 40 ബയോ ടോയ്‌ലറ്റുകളുടെ നിർമാണം ആരംഭിച്ചു. കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലായാണ് 40 ശുചിമുറികൾ നിർമ‍ിക്കുക. കൈനകരിയിൽ 28ഉം, പുളിങ്കുന്നിൽ 12ഉം ശുചിമുറികള്‍ നിര്‍മിക്കും. ആകെ 100 ബയോ ടോയ്‍ലറ്റുകൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് 40 ശുചിമുറികളുടെ നിർമാണം ആരംഭിച്ചത്. സഞ്ചരിക്കുന്ന ബയോ ടോയ്‍ലറ്റുകളും പ്രവർത്തനം തുടങ്ങി.

ഒരു ക്യാംപിന് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവന്യൂ ജീവനക്കാരെ വിന്യസിച്ചു തുടങ്ങി. മഴക്കെടുതിയിൽ പുസ്തകം നഷ്ടമായ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി പാഠപുസ്തകം നൽക‍‍ുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ കണക്കെടുക്കാൻ കലക്ടർ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.

ആലപ്പുഴ മെഡിക്കൽ കോളജിലെ 40 അംഗ ഡോക്ടർമാരുടെ സംഘം ഡോ. ബി പത്മകുമാറിന്റെ നേതൃത്വത്തിൽ കുട്ടനാട്ടിലെത്തി. ആവശ്യത്തിന് മരുന്നും പാരാമെഡിക്കൽ ജീവനക്കാരും സംഘത്തിലുണ്ട്. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിൽ ഉപയോഗിച്ച കുടിവെള്ളക്കുപ്പികൾ പഞ്ചായത്ത് സെക്രട്ടറിമാർ ശേഖരിച്ച് ശുചിത്വമിഷന് കൈമാറണമെന്ന് കലക്ടർ നിർദേശം നൽകി.