കിംഗ് ഫഹദ് കോസ്‌വേയിൽ ജവാസാത്ത് കൗണ്ടറുകളുടെ എണ്ണം 38 ആയി ഉയർത്താൻ പദ്ധതി

Jaihind News Bureau
Friday, August 10, 2018

യാത്രക്കാരുടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് കിംഗ് ഫഹദ് കോസ്‌വേയിൽ ജവാസാത്ത് കൗണ്ടറുകളുടെ എണ്ണം 38 ആയി ഉയർത്തുന്നതിന് പദ്ധതിയുള്ളതായി കിഴക്കൻ പ്രവിശ്യ ജവാസാത്ത് അധിക്യതർ അറിയിച്ചു. കോസ്‌വേയിൽ സൗദി ഭാഗത്തെ ജവാസാത്ത് ഏരിയയിൽ ട്രാക്കുകളുടെയും കാബിനുകളുടെയും എണ്ണം ഉയർത്തുന്നതിനുള്ള പദ്ധതി മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കും. ദമാം ബ്യുറോ റിപ്പോർട്ട്

സൗദിയേയും ബഹ് റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ നടപ്പാക്കുന്ന സിംഗിൾ എൻട്രി പോയിന്റ് പദ്ധതിയെ കുറിച്ച് വിശദാംശങ്ങൾ വൈകാതെ പരസ്യപ്പെടുത്തും. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ എൻട്രി പോയിന്റ് പദ്ധതി നടപ്പാക്കിയിരുന്നു. സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്കും ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്കുമുള്ള യാത്രക്കിടെ ജവാസാത്ത്, കസ്റ്റംസ് നടപടികൾ ഒരിടത്തു വെച്ചു മാത്രം പൂർത്തിയാക്കുന്ന സംവിധാനം യാഥാർഥ്യമാക്കുന്നതിന് ശ്രമം തുടരുകയാണെന്ന് അധിക്യതർ പറഞ്ഞു.

നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് കിംഗ് ഫഹദ് കോസ്‌വേയിൽ 200 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കിഴക്കൻ പ്രവിശ്യ ജവാസാത്തിന് ദമാം മറീനക്കു സമീപം പുതിയ ആസ്ഥാനം നിർമിക്കുന്നതിന് കരാർ നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം നിർമാണ ജോലികൾ ആരംഭിക്കും. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനാലും നിരവധി സേവനങ്ങൾ ഓൺലൈൻവൽക്കരിച്ചതിനാലും നിലവിലെ ജവാസാത്ത് ആസ്ഥാനത്ത് കടുത്ത തിരക്ക് അനുഭവപ്പെടുന്നില്ല. നിലവിൽ പ്രതിദിനം ശരാശരി 300 മുതൽ 400 വരെ ഉപയോക്താക്കളാണ് കിഴക്കൻ പ്രവിശ്യാ ജവാസാത്ത് ആസ്ഥാനത്ത് എത്തുന്നതെന്നും ജവാസാത്ത് മേധാവി ബ്രിഗേഡിയർ മുഹമ്മദ് അൽഔഫി പറഞ്ഞു