കാസിഫ് ജമീലിനെ ലക്‌നൗവിലെ ആശുപത്രിലേക്ക് മാറ്റി

Jaihind News Bureau
Wednesday, June 13, 2018

ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോ. കഫീൽ ഖാന്‍റെ സഹോദരൻ കാസിഫ് ജമീലിനെ ലക്‌നൗവിലെ ആശുപത്രിലേക്ക് മാറ്റി. വെടിവെപ്പിൽ പരിക്കേറ്റ് ഗോരഖ്പുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കാസിഫ് ജമീല്‍.


ഞായറാഴ്ച കാസിഫിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുക ആയിരുന്നു. രാത്രി പതിനൊന്നോടെ ഹുമയുൺപൂർ നോർത്തിൽ ജെ.പി ആശുപത്രിക്ക് സമീപമായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ഒരു സംഘം കാസിഫിന് നേരെ വെടിയുതിർക്കുകയായിരുന്നു. വലതുകൈയ്ക്കു മുകളിലും കഴുത്തിലും കവിളിനും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ഗൂഢാലോചന ആരോപിച്ച് ഡോക്ടർ കഫീൽ ഖാൻ രംഗത്തെത്തി. സംഭവത്തിൽ തിങ്കളാഴ്ച പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരുന്നു. സ്വത്തു തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ.
ബി.ആർ.ഡി മെഡിക്കൽ കോളജിൽ 30 കുട്ടികൾ മരിച്ച സംഭവത്തിൽ ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീൽ ഖാനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം ജയിൽ മോചിതനായത്.

ദുരന്തം നടക്കുമ്പോൾ ശിശുരോഗ വിഭാഗത്തിന്‍റെ ചുമതല കഫീൽ ഖാനായിരുന്നു എന്ന കാരണത്തിലായിരുന്നു അറസ്റ്റ്. കുടുംബാഗംങ്ങളെ വകവരുത്താൻ ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് സഹോദരന് വെടിയേറ്റത്.