കാലവർഷക്കെടുതി : കേന്ദ്രസംഘം ഏഴു മുതൽ ഒൻപതുവരെ കേരളത്തിൽ

Jaihind News Bureau
Friday, August 3, 2018

സംസ്ഥാനത്തെ കാലവർഷക്കെടുതി വിലയിരുത്തുന്നതിനുള്ള കേന്ദ്രസംഘം ഏഴു മുതൽ ഒൻപതുവരെ കേരളത്തിൽ പര്യടനം നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രാലയ ബോർഡർ മാനേജ്‌മെൻറ് സെക്രട്ടറി ധർമ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത്.

ഏഴിനു കൊച്ചിയിലെത്തുന്ന സംഘം എട്ടിന് ആലപ്പുഴയിലെ വെള്ളംകയറിയ പ്രദേശങ്ങൾ സന്ദർശിക്കും. ഒൻപതിനു രാവിലെ 11.30നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കൊച്ചിയിൽ നിന്നു ഡൽഹിയിലേക്കു പോകും. എന്നാൽ ഷെഡ്യൂൾ ചെയ്തിട്ടുളള പരിപാടിയിൽ ഇനിയും നേരിയ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ നാശനഷ്ടം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിലവിലുള്ള പരിപാടിയിൽ മാറ്റം വരുത്തി കേന്ദ്ര സംഘം ഈ ജില്ലകളും സന്ദർശിച്ചേക്കാം.

കേന്ദ്ര വൈദ്യുതി അഥോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ നർസിറാം മീണ, കേന്ദ്ര ധനവകുപ്പിലെ ധനവിനിയോഗ ജോയിൻറ് ഡയറക്ടർ എസ്.സി.മീണ, ഗ്രാമവികസന വകുപ്പിലെ അസിസ്റ്റൻറ് ഡയറക്ടർ ചാഹത് സിംഗ്, ഹൈദരാബാദ് ഡിഒഡി ഡയറക്ടർ ബി.കെ. ശ്രീവാസ്തവ, കൊച്ചി ബീച്ച് ഇറോഷൻ ഡയറക്ടറേറ്റിലെ ഡയറക്ടർ ആർ.തങ്കമണി, ദേശീയപാതാ അഥോറിറ്റി റീജണൽ ഓഫീസർ വി.വി.ശാസ്ത്രി എന്നിവരാണ് സംഘത്തിലെ അംഗങ്ങൾ. നേരത്തേ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് 80 കോടി രൂപയുടെ അടിയന്തര ധനസഹായം സംസ്ഥാനത്തിനു നൽകുകയും ചെയ്തിരുന്നു.

https://youtu.be/l4eCnyiM380