കരുവന്നൂരിലേക്ക് പണമെത്തിക്കാന്‍ മുന്നിട്ടിറങ്ങി വാസവന്‍, നിര്‍ണായക ചര്‍ച്ച ഇന്ന്‌

Jaihind Webdesk
Tuesday, October 3, 2023


കരുവന്നൂര്‍ അടക്കം പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായത്തിന് വഴി തേടി ഇന്ന് കൊച്ചിയില്‍ നിര്‍ണ്ണായക ചര്‍ച്ച നടക്കും. സഹകരണ മന്ത്രി വിഎന്‍ വാസവന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സഹകരണ വകുപ്പിലേയും കേരള ബാങ്കിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ
സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് പണമെത്തിക്കുന്നത് നിലവിലുള്ള കുരുക്കഴിക്കലാണ് പ്രധാന അജണ്ട. കാര്യം കരുവന്നൂരിന്റെ പേരിലെങ്കിലും തകര്‍ച്ചയിലായ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആകെ ആശ്വാസം എന്ന നിലയിലാണ് സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താനൊരുങ്ങുന്നത്. സഹകരണ സെക്രട്ടറിയും രജിസ്ട്രാറും സഹകരണ വകുപ്പിലേയും കേരള ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സഹകരണ സംഘങ്ങളില്‍ നിന്ന് അടിയന്തരമായി കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കുന്നതില്‍ തുടങ്ങി കേരളാ ബാങ്കിലെ കരുതല്‍ ധനം സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് എത്തിക്കുന്നതിന്റെ സാങ്കേതിക തടസങ്ങളില്‍ വരെ വിശദമായ ചര്‍ച്ച നടക്കും.