കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ച് ദേശീയ നേതാക്കളും

Jaihind News Bureau
Wednesday, August 8, 2018

കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ദേശീയ നേതാക്കളുടെ വൻ നിരയാണ് ചെന്നൈയിൽ എത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമാർ ഉൾപ്പെടെ നിരവധി പ്രമുഖർ കലൈഞ്ജർക്ക് യാത്രാമൊഴി നേരാനെത്തി.

തമിഴ്‌നാട്ടിലെ സമുന്നതരായ നിരവധി നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച വേദിയായ രാജാജി ഹാളിൽ തന്നെയാണ് കരുണാനിധിയുടെ ഭൗതിക ദേഹവും പൊതുദർശനത്തിന് വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവർ കരുണാനിധിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

കേരളത്തിൽ നിന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി തുടങ്ങിയവർ എത്തി.

മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, മമതാ ബാനർജി, എൻ.സി.പി അധ്യക്ഷൻ ശരത്പവാർ , യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖരാണ് കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.