തിരുവനന്തപുരം: നിയമന തട്ടിപ്പിന് നേതൃത്വം നൽകുന്ന അഴിമതിക്കാരിയായ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലേക്ക് മാർച്ച് നടത്തിയ കെഎസ് യു പ്രവർത്തകർക്ക് നേരേ പോലിസ് അതിക്രമം . പ്രവർത്തകരെ ലാത്തിചാർജ് ചെയ്ത പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഉദ്ഘാടനശേഷം പ്രതിഷേധം ശക്തമാക്കിയ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ പിരിച്ചുവിടുവാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി തവണ ജല പീരങ്കി പ്രയോഗിച്ച പോലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. വീണ്ടും പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ലാത്തി കൊണ്ടടിച്ചത് സംഘർഷവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ നിരവധി തവണ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി .
നിയമന തട്ടിപ്പിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മാസ്കറ്റ് ഹോട്ടലിന് മുന്നിൽ നിന്നുമാണ് കെഎസ് യു പ്രവർത്തകർ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മാർച്ച് നഗരസഭയ്ക്കു സമീപം പോലിസ് തടഞ്ഞു. യുവജന വഞ്ചന നടത്തിയ അഴിമതിക്കാരിയായ മേയർ രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെഎസ് യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.
പിന്നിട് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പാളയം വഴി നീങ്ങിയ പ്രതിഷേധ പ്രകടനം DCC ഓഫിസിനു സമീപം അവസാനിച്ചു