ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് സജീവം; ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് വന്‍ മാഫിയ

Jaihind Webdesk
Friday, December 7, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘത്തെ കേരള സൈബര്‍ ഡോം കണ്ടെത്തി. തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത് ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണെന്നും സൈബര്‍ ഡോം കാണ്ടെത്തി. പണം തട്ടിയെടുക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പും ഇവര്‍ രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

നേരത്തെ തന്നെ ഓണ്‍ലൈന്‍ വഴി പണം നഷ്ടപ്പെടുന്ന പരാതികള്‍ പോലീസിനും സൈബര്‍ ഡോമിനും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കണ്ടെത്തിയത്. 10000 രൂപമുതല്‍ ഒരുലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ സംസ്ഥാനത്ത് നിരവധിയാണ്.

ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തിന്റെ കേന്ദ്രം ജാര്‍ഖണ്ഡാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേരള പോലീസ് ജാര്‍ഘണ്ഡ് പോലീസിനെ സമീപിപ്പിച്ചിട്ടുണ്ട്. ഉടനെ തന്നെ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നത്. റിസര്‍വ്വ് ബാങ്കിന്റെ ആപ്പുമായി സാമ്യമുള്ള മൊബൈല്‍ ആപ്പ് സൃഷ്ടിച്ചാണ് ഇവരുടെ തട്ടിപ്പ്. ആര്‍.ബി.ഐയുടെ ഔദ്യോഗിക ആപ്പ് എന്നരീതിയില്‍ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.