എസ്കോബാറിനെ ഓര്‍മ്മപ്പെടുത്തി കൊളംബിയൻ താരങ്ങള്‍ക്ക് അധോലോക ഭീഷണി

Jaihind News Bureau
Thursday, July 5, 2018

1994ൽ അമേരിക്കക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ സെൽഫ് ഗോൾ അടിച്ചതിന്‍റെ പേരിൽ അധോലോകത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട കൊളംബിയൻ താരമായിരുന്നു എസ്‌ക്കോബാർ. എസ്‌ക്കോബാറിന്‍റെ 24-ആം ചരമ വാർഷിക ദിനം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് കൊളംബിയൻ താരങ്ങൾക്ക് നേരേ വധ ഭീഷണി.

റഷ്യൻ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ പ്രീ ക്വാർട്ടർ പോരാട്ടത്തിന്‍റെ ഷൂട്ടൗട്ടിൽ അവസരം നഷ്ടപ്പെടുത്തിയ കൊളംബിയൻ കളിക്കാർക്കാണ് സമൂഹ മാധ്യമത്തിലൂടെ കൊലവിളികൾ ഉയരുന്നത്. മത്തേയൂസ് യുറിബെ, കാർലോസ് ബെക്ക എന്നീ താരങ്ങളാണ് ഇപ്പോൾ ഭീഷണി നേരിടുന്നത്. ഇരുവരുടേയും ഷോട്ടുകൾ പാഴായതാണ് കൊളംബിയക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. യുറിബെയുടെ അടി ക്രോസ്ബാറിൽ തട്ടി പുറത്ത് പോയപ്പോൾ ബെക്കയുടേത് ഇംഗ്ലണ്ട് ഗോളി പിക്ഫോർഡ് രക്ഷപ്പെടുത്തുകയായിരുന്നു.

യുറിബെയേക്കാൾ കൂടുതൽ ഭീഷണി ബെക്കയ്ക്കാണ്. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഭീഷണികളിൽ ബെക്കയോട് പോയി മരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. നാട്ടിലേക്ക് മടങ്ങേണ്ടെന്നും സ്വയം മരിച്ചോളാനും നാട്ടിലേക്ക് വന്നാൽ ശരിയാക്കുമെന്നും വിവിധ ട്വീറ്റുകളിൽ പറയുന്നു.

റഷ്യൻ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് കൊളംബിയൻ കളിക്കാർ വധഭീഷണി നേരിടുന്നത്. നേരത്തെ കാർലോസ് സാഞ്ചെസിന് നേരെയും ഭീഷണികളുണ്ടായിരുന്നു. ജപ്പാനുമായുള്ള കളിയിൽ ചുവപ്പു കാർഡ് കണ്ടതിനാണ് സാഞ്ചെസിന്‍റെ ജീവനെടുക്കുമെന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത്. മത്സരം ജപ്പാൻ ജയിച്ചതിന് പിന്നാലെ സാഞ്ചെസിന് ഭീഷണി സന്ദേശങ്ങൾ കിട്ടി.