ന്യൂഡല്‍ഹി: ഇസ്രായേലും ഹമാസും തമ്മിലുള്ള അക്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് എ.ഐ.സി.സി. യു.എന്‍ രക്ഷാ സമിതി അംഗമെന്ന നിലയില്‍ ഇന്ത്യ സമാധനം പുന:സ്ഥാപിക്കുന്നതിനുള്ള ഇടപെടല്‍ നടത്തണമെന്നും എ.ഐ.സി.സി വിദേശകാര്യ വിഭാഗം ചെയര്മാന് ആനന്ദ് ശര്‍മ്മ എം.പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിശുദ്ധ ഈദിനോട് അനുബന്ധിച്ച് കിഴക്കന്‍ ജറുസലേം ഗാസയിലും ഇസ്രായേലിലും ഉണ്ടായ വര്‍ദ്ധിച്ച ആക്രമങ്ങള്‍ ദു:ഖകരവും ലോകത്തെ ആശങ്കപ്പെടുത്തുന്നതുമാണ്. സുരക്ഷിതമായ അന്തരീക്ഷത്തില്‍ അന്തസ്സോടെ ജീവിക്കാന്‍ പാലസ്തീന് ജനതയ്ക്ക് അവകാശമുണ്ട്. അതേസമയം തന്നെ സ്ഥിതി സമത്വം ഇസ്രായേലിലെ എല്ലാ ജനങ്ങളുടേയും അവകാശമാണ്. യാതൊരു നിയന്ത്രണവുമില്ലാതെ അല്‍ അസ്കാ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുള്ള പലസ്തീന് ജനതയുടെ അവകാശം എല്ലായ്പ്പോഴും മാനിക്കപ്പെടണം; ലംഘിക്കപ്പെടരുത്.
ജറുസലേമില്‍ ആസൂത്രിതമായി നടന്ന സംഭവങ്ങള്‍ പ്രകോപനമുണ്ടാക്കി. അത് പിരിമുറുക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചു. സംഘര്‍ഷത്തിന്റെ തീവ്രത, ഗാസയ്ക്കെതിരായ വ്യോമാക്രമണം, ഹമാസിന്റെ റോക്കറ്റ് ആക്രമണം എന്നിവ നിരപരാധികളായ നിരവധി മനുഷ്യ ജീവനുകള്‍ അപഹരിച്ചു. പ്രത്യേകിച്ചും കുട്ടികളുടേയും പ്രായമായവരുടേയും. പൊതു സ്വത്തും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടത് ബുദ്ധിമുട്ടുകളും തടസ്സങ്ങളുമുണ്ടാക്കി. വിഷയം ധാര്‍മ്മികവും മാനുഷികവുമായാണെന്നും ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടു.