ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ 29 സംസ്ഥാനങ്ങളുടെ പങ്കാളിത്തം

Jaihind News Bureau
Thursday, August 9, 2018

തിരുവനന്തപുരം: സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്നുള്ള പങ്കാളിത്തമുണ്ടാകും. ഈ സംസ്ഥാനങ്ങള്‍ ആയുഷ് മേഖലയില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന പ്രത്യേക അവലോകന യോഗത്തിലാണ് സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഔഷധസസ്യ കര്‍ഷകര്‍, ഔഷധ നിര്‍മ്മാതാക്കള്‍, ചികിത്സാ സ്ഥാപനങ്ങള്‍ എന്നിവരുടെ പ്രദര്‍ശന സ്റ്റാളുകള്‍ ആയുഷ് കോണ്‍ക്ലേവില്‍ ഉണ്ടാകും. ഇന്റര്‍നാഷണല്‍ സെമിനാര്‍, ഔഷധനയ ശില്‍പശാല, ആയുഷ് അധിഷ്ഠിത വൈല്‍നസ് ടൂറിസം ശില്‍പശാല, നല്ല ഭക്ഷണം, ആയുഷ് സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ്, ഔഷധസസ്യ കര്‍ഷക സംഗമം, ഔഷധ സസ്യ പ്രദര്‍ശനം എന്നിവയും കോണ്‍ക്ലേവില്‍ ഉണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളുടെ അവതരണവും മികച്ചതിന്റെ തെരഞ്ഞെടുപ്പും കോണ്‍ക്ലേവില്‍ നടക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.