ആലപ്പുഴയില്‍ മഴ തുടരുന്നു; മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു

Jaihind Webdesk
Saturday, August 18, 2018

പാണ്ടനാട് ഇല്ലിക്കൽ പാലത്തിന് സമീപത്തുനിന്ന് നാല് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി പരുമലയിലെ ആശുപത്രിയിലെത്തിച്ചു. മോർച്ചറിയിൽ സ്ഥലമില്ലാത്തതിനാൽ മൃതദേഹങ്ങൾ പുറത്തുവെച്ചിരിക്കുന്നു. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. തുകലശേരിയിലും ഒരു മൃതദേഹം ഒഴുകിവന്നിട്ടുണ്ട്.

അതേസമയം വേമ്പനാട്ട് കായലിലെ ജലനിരപ്പ് ഉയരുന്നതോടെ ആലപ്പുഴ നഗരത്തിലെ കനാലുകളിലും വെള്ളം നിറയുന്നു. ചിലയിടങ്ങളിൽ കനാൽ കവിഞ്ഞൊഴുകുന്നുണ്ട്. ആലപ്പുഴ ബീച്ചിന് സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാൻ കലക്ടർ നിർദേശം നൽകി. ചേർത്തല താലൂക്കിലുൾപ്പെടെ കായലോര പ്രദേശങ്ങളിൽ വെള്ളം കയറുന്നു.

കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുന്നു. ചേർത്തലയിൽ തുറന്ന ക്യാംപുകളിലേക്ക് 4500 ൽ അധികം പേരെ മാറ്റി. ആലപ്പുഴ നഗരത്തിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും കടലിലേക്കുള്ള ഒഴുക്ക് വേഗത്തിലാക്കാനും വാടക്കനാൽ, കൊമേഴ്‌സ്യൽ കനാൽ എന്നിവ ബീച്ച് ഭാഗത്ത് തുറക്കുന്നതിന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്കു നിർദേശം നൽകി. ബീച്ചിലേക്ക് കനാൽ തുറക്കുന്നത് സമയബന്ധിതമായി നിരീക്ഷിക്കാനും ഒഴുക്ക് സുഗമമാണെന്ന് ഉറപ്പാക്കാനും നഗരസഭാ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്നുവന്ന ഒരു ലോഡ് മരുന്ന് ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഇത് ഉടനെ വിവിധ കേന്ദ്രങ്ങളിലേക്ക് നൽകാനും നിർദ്ദേശിച്ചു.

രാമങ്കരി, മുട്ടാർ പ്രദേശങ്ങളിലും പുളിങ്കുന്ന് കാവാലത്തും എൻ.ഡി.ആർ.എഫിന്റെ ഓരോ ടീമിനെ നിയോഗിച്ചു. മുട്ടാർ, രാമങ്കരി ഭാഗത്തേക്ക് എൻ.ഡി.ആർ.എഫിന്റെ രണ്ടാമത്തെ സംഘത്തെയും നിയോഗിച്ചു. ലഭ്യമായ ശിക്കാര വള്ളങ്ങളും വഞ്ചിവീടുകളും തലവടി, എടത്വ, മുട്ടാർ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നു. ആലപ്പുഴയിൽ ശക്തമായ മഴ തുടരുകയാണ്.