ആമ്പുലന്‍സിന്‍റെ സാരഥി – ബിജിയ്ക്ക് ഇത് ജോലിയും സേവനവും

Jaihind News Bureau
Monday, June 11, 2018

രോഗികളെയും കൊണ്ട് ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക് ചീറിപ്പാഞ്ഞു പോകുന്ന ആമ്പുലൻസുകൾ നമ്മൾ നിത്യേന കാണുന്നുണ്ട്. രോഗം ബാധിച്ചവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിക്കുന്നതിനും സംസ്കാരത്തിനായി പള്ളിയിലും ശ്മശാനങ്ങളിലും എത്തിക്കുന്നതിന് ആമ്പുലൻസുകൾ ഒരു അഭിഭാജ്യ ഘടകമാണ്. ഇത്തരത്തിലുള്ള ആമ്പുലൻസ് വാഹനങ്ങൾ ഓടിക്കുന്ന പുരുഷൻമാരെ മാത്രമാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ പുരുഷൻമാർക്കൊപ്പം ഏതു ജോലിക്കും തങ്ങൾ കരുത്തരാണ് എന്ന് തെളിയിക്കുന്ന, പുരുഷൻമാർക്ക് മാത്രം കുത്തകയായിരുന്ന ആമ്പുലൻസ് ഡ്രൈവറുടെ ജോലി ഏറ്റെടുത്തിരിക്കുകയാണ് ഒരു വനിത.

ഇടുക്കി രാജകുമാരി ഗുഡ് സമരിറ്റൻ ആശ്രമത്തിന് നേതൃത്വം നൽകുന്ന ഫാദർ ബെന്നി ഉലഹന്നാന്‍റെ ഭാര്യ ബിജിയാണ് ആമ്പുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്നത്. ഇരുനൂറോളം അന്തേവാസികളുള്ള ഈ ആശ്രമത്തിൽ തന്നെ ആമ്പുലൻസിന്റെ സേവനം മിക്കപ്പോഴും ആവശ്യമായി വരുന്നുണ്ട്. വൃദ്ധരും രോഗികളുമായ ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആമ്പുലൻസ് സൗകര്യം പലപ്പോഴും ലഭിക്കാത്തതിനെ തുടർന്നാണ് ഒരു ആമ്പുലൻസ് വാങ്ങിയത്. ഈ ആമ്പുലൻസ് ഓടിക്കുന്നതിന്ന് പലപ്പോഴും ഡ്രൈവറെ ലഭിക്കാതിരുന്നതിനെ തുടർന്നാണ് ആശ്രമ നടത്തിപ്പുകാരനായ ഫാദർ ബെന്നിയുടെ ഭാര്യ ബിജി സ്വയം രംഗത്തുവരുകയായിരുന്നു.

യാത്രാ സൗകര്യങ്ങൾ താരതമ്യേന കുറവുള്ള ഹൈറേഞ്ച് പ്രദേശത്ത് ജനങ്ങൾക്ക് ഏറെ അനുഗ്രഹമാണ് ഈ ആമ്പുലൻസ്. രാജകുമാരിയിൽ നിന്ന് ദൂരക്കുറവുള്ള തമിഴ്നാട്ടിലെ ബോഡി മെഡിക്കൽ കോളേജ്, ഇടുക്കി കോട്ടയം മെഡിക്കൽ കോളേജുകൾ തുടങ്ങി പ്രദേശത്തുള്ള മറ്റ് ആശുപത്രികളിലേക്കും രോഗികളെ എത്തിക്കുന്നത് ഈ വനിതാ ആമ്പുലൻസ് ഡ്രൈവറാണ്. അശരണരായ രോഗികൾക്ക് സ്നേഹത്തിന്റെയും സ്വാന്ത്വനത്തിന്റെയും പരിചരണം നൽകി ശുശ്രൂഷിക്കുന്ന ബിജിക്ക് ആമ്പുലൻസ് ഡ്രൈവറുടെ ജോലിയും സേവനത്തിന്റെ ഭാഗം തന്നെയാണ്.

സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിത സായന്തനത്തിൽ ആരും സംരക്ഷിക്കാനില്ലാതെ അശരണരായി കഴിയുന്ന ഒട്ടേറെ ജീവിതങ്ങൾക്ക് ആശ്രയമായ ഫാദർ ബെന്നി തിരഞ്ഞെടുത്ത വ്യത്യസ്തമായ ജീവിതപാത പോലെ ബെന്നിയുടെ ഭാര്യ ബിജിയും ആമ്പുലൻസ് ഡ്രൈവറുടെ സേവനപാതകണ്ടെത്തിയത് സ്ത്രീ സമൂഹത്തിനും പൊതു സമൂഹത്തിനും ഒരു മാതൃകയാണ്