കണ്ണൂരില്‍ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു; നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം

Jaihind News Bureau
Wednesday, July 18, 2018

കണ്ണൂർ കോർപ്പറേഷന്‍റെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാകുന്നു. കാലവർഷത്തെ തുടർന്ന് മാലിന്യം വ്യാപകമായതോടെയാണ് ആഫ്രിക്കൻ ഒച്ചുകളും പെരുകിയത്.

കാലവർഷം ശക്തമായതോടെയാണ് ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യം രൂക്ഷമായത്. കക്കാട്, ശാദുലിപ്പള്ളി, മേലെ ചൊവ്വ, ഇടചൊവ്വ, കീഴ്ത്തള്ളി, പയ്യാമ്പലം, കണ്ണൂർ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ച് വ്യാപകമായിരിക്കുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മാലിന്യം അടിഞ്ഞ് കൂടിയതാണ് ആഫ്രിക്കൻ ഒച്ച് പെരുകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വീടിന്‍റെയും, കടകളുടെ ചുമരുകളിലും, ചില മരങ്ങളിലുമാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായി കാണുന്നത്

ഒച്ചുകൾ വ്യാപകമായി പെരുകുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

ആഫ്രിക്കൻ ഒച്ചുകൾ വാഴയിലയും, തെങ്ങോലയും തിന്ന് തീർക്കുകയാണ്. ഒച്ച് ശല്യം വ്യാപകമായതിനെ തുടർന്ന് കോർപ്പറേഷനിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കോർപ്പറേഷനിലെ ആരോഗ്യ വകുപ്പിലെയും, കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥർ ആഫ്രിക്കൻ ഒച്ച് വ്യാപകമായ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യം ശാശ്വതമായി ഇല്ലാതാക്കാനുള്ള നടപടിയോ നിർദേശമോ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യം ഇനിയും രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

https://www.youtube.com/watch?v=GZKXtrIZjNQ