അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകൾ മറിയത്തെയും അറസ്റ്റ് ചെയ്തു. ലണ്ടനിൽ നിന്നും ലാഹോറിൽ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫും മകൾ മറിയവും അറസ്റ്റിലായത്. ഇരുവരുടെയും പാസ്പോർട്ടും പോലീസ് പിടിച്ചെടുത്തു.
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകൾ മറിയത്തെയും ലാഹോർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തോടെയാണ് ഇരുവരും ലണ്ടനിൽ നിന്ന് ലഹോറിൽ എത്തിയത്. അഴിമതിക്കേസിൽ ഇരുവർക്കും പാകിസ്ഥാൻ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഈ മാസം 25ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിക്കായി പടയൊരുക്കാൻ ഷരീഫ് എത്തുമെന്ന സൂചനകളെ തുടർന്ന് പതിനായിരത്തിൽ അധികം പൊലീസുകാരുൾപ്പടെ വൻ സന്നാഹമായിരുന്നു വിമാനത്താവളത്തിലുണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് 3 മുതൽ അർദ്ധരാത്രി 12 വരെ നഗരത്തിലെ മൊബൈൽ ഫോണുകൾ ഓഫാക്കാനും നിർദേശമുണ്ടായിരുന്നു. മൂന്നുതവണ പാകിസ്ഥാന്‍റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് നവാസ് ഷരീഫ്.
പനാമ രേഖകളിലൂടെ പുറത്തുവിട്ട കളളപ്പണക്കാരുടെ വിവരങ്ങളിൽ ഉൾപ്പെട്ടതാണ് നവാസ് ഷെരീഫിന് പ്രതികൂലമായത്. ഷെരീഫിന് പത്ത് വർഷം തടവും 80 ലക്ഷം പൗണ്ട് പിഴയും കൂട്ടുപ്രതികളായ മകൾ മറിയത്തിന് ഏഴ് വർഷം തടവും മരുമകൻ ക്യാപ്റ്റൻ മുഹമ്മദ് സഫ്ദർ ഒരു വർഷവും തടവ് ശിക്ഷ അനുഭവിക്കണം. ജൂലൈ ഏഴിന് സുപ്രീം കോടതി ശിക്ഷാ വിധി പുറപ്പെടുവിച്ചപ്പോൾ ഷെരീഫും മകളും കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഭാര്യ കുൽസൂമിനെ പരിചരിക്കുന്നതിനായി ലണ്ടനിലായിരുന്നു. ഹെലികോപ്ടർ മാർഗം ഇസ്ലാമാബാദിൽ എത്തിച്ച ഇവരെ റാവൽപിണ്ടി സെൻട്രൽ ജയിലിലേക്ക് മാറ്റും.