അമേരിക്കയിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ച് മരണം

മെരിലാൻഡിന്റെ തലസ്ഥാന നഗരമായ അനാപൊളിസിലെ മാധ്യമ സ്ഥാപനത്തിൽ വെടിവെപ്പില്‍ അഞ്ചു പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ക്യാപിറ്റൽ ഗസറ്റ് ദിനപത്രത്തിന്റെ ഓഫിസിൽ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവെപ്പുണ്ടായത്. വെടിയുതിര്‍ത്തയാളെ പോലീസ് സംഭവ സ്ഥലത്തുനിന്ന് പിടികൂടി. ഇയാളെ അനാപൊളിസ് പോലീസ് ചോദ്യം ചെയ്തു. ഷോട്ഗൺ ഉപയോഗിച്ചാണ് അക്രമി വെടിയുതിർത്തത്.

ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പൂർണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. യു.എസിലെ മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വർധിപ്പിച്ചു.
ന്യൂസ് റൂമിലേക്ക് കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ച് തകർത്തതിന് ശേഷമായിരുന്നു അകത്തേക്ക് വെടിവച്ചത്. ഒരു റൗണ്ട് വെടിയുതിർത്ത ശേഷം വീണ്ടും തോക്ക് നിറച്ചായിരുന്നു അക്രമിയുടെ വെടിവെപ്പ്.

പ്രദേശത്തേക്കു വരരുതെന്ന് പൊതുജനങ്ങൾക്ക് പൊലീസിന്റെ നിർദേശമുണ്ട്. കെട്ടിടത്തിൽ നിന്നു ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് പരിശോധിക്കുന്നുണ്ട്.

shootoutmerryland
Comments (0)
Add Comment