ട്രംപിനെതിരെ പ്രതിഷേധം സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയോളം ഉയരത്തില്‍

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. അതിനിടെ അമേരിക്കയിലെ പ്രശസ്തമായ സ്വാതന്ത്ര്യ പ്രതിമയിൽ കയറി നാല്‍പത്തിനാലുകാരി പ്രതിഷേധം അറിയിച്ചു.

ന്യൂയോർക്കിൽ പ്രതിമ സ്ഥിതിചെയ്യുന്ന ലിബർട്ടി ദ്വീപിൽ നടന്ന ട്രംപ് വിരുദ്ധ പ്രതിഷേധത്തിനിടെയാണു സംഭവം. തെരേസ് പട്രീഷ്യ ഒകോമൗ എന്ന വനിതയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തിൽ കയറി പ്രതിഷേധിച്ചത്. മൂന്നര മണിക്കൂറിനു ശേഷമാണ് പോലീസിന് ഇവരെ താഴെയിറക്കാനായത്. ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റ് റിപബ്ലിക്ക് ഓഫ് കോംഗോയിൽനിന്നുള്ള കുടിയേറ്റക്കാരിയായ തെരേസിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

സ്വാതന്ത്ര്യപ്രതിമയ്ക്ക് സമീപം പ്രതിഷേധം നടത്തിയ നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് ജനത അമേരിക്കൻ ജനതയ്ക്ക് സമ്മാനമായി നൽകിയ സ്വാതന്ത്ര്യദേവിയുടെ പ്രതിമയുടെ ഉയരം 46 മീറ്ററാണ്. പീഠത്തിന്‍റെ ഉയരംകൂടി ചേർത്ത് 93 മീറ്റർ വരും. ബർത്തോൾഡി രൂപകല്‍പന ചെയ്ത് ഗുസ്താവ് ഈഫൽ നിർമിച്ച പ്രതിമ 1886 ഒക്ടോബർ 28നാണ് ന്യൂയോർക്കിലെ ലിബർട്ടി ദ്വീപിൽ സ്ഥാപിച്ചത്.

Statue of Liberty
Comments (0)
Add Comment