വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം, മാര്‍ച്ചിലെ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ നീക്കം

Jaihind News Bureau
Thursday, February 27, 2025

വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മാര്‍ച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ അവതരിപ്പിച്ചേക്കും. ഫെബ്രുവരി 13 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ഫെബ്രുവരി 19 ന് നടന്ന യോഗത്തിലാണ് ബില്ലിലെ ഭേദഗതികള്‍ മന്ത്രിസഭ അംഗീകരിച്ചതെന്നും അറിയിച്ചു.

2025 ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയില്‍ ജെപിസി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും ബഹളംമൂലം പലവട്ടം നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജെപിസി റിപ്പോര്‍ട്ടില്‍ നിന്ന് വിയോജിപ്പന കുറിപ്പുകള്‍ നീക്കം ചെയ്തതായി പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു.

മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി മുസ്ലീം സമൂഹം സംഭാവന ചെയ്യുന്ന സ്വത്തുക്കള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വഖഫ് ബോര്‍ഡുകളുടെ ഭരണത്തില്‍ പൂര്‍ണ്ണമായ ഒരു അഴിച്ചുപണി വഖഫ് (ഭേദഗതി) ബില്‍ നിര്‍ദ്ദേശിക്കുന്നു. സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെയെങ്കിലും ഉള്‍പ്പെടുത്തുക, ഒരു സ്വത്ത് വഖഫ് സ്വത്താണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മധ്യസ്ഥനാക്കുക എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.