അഴിമതി ആരോപണം ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഭീഷണിപ്പെടുത്തി; കണ്ണൂർ എഡിഎം ആത്മഹത്യ ചെയ്തു

 

കണ്ണൂർ: യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഴിമതി ആരോപിച്ച് ഭീഷണി മുഴക്കിയതിനു പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്നലെ വൈകീട്ട് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ പോകേണ്ടതായിരുന്നു. എന്നാൽ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് സിപിഎം നേതാവായ പി.പി. ദിവ്യ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.പി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രകടിപ്പിച്ചത്.

ക്ഷണിക്കാതെ യോഗത്തിനെത്തിയ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്‍റെ നടപടിയിലാണ് വിമർശനം ഉന്നയിച്ചത്. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുമ്പ് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞു. സർക്കാർ ഉദ്യോഗം പോകാൻ ഒരു നിമിഷം മതിയെന്നും മുന്നറിയിപ്പു നൽകി. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പി.പി. ദിവ്യയുടെ പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്തു.

യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തിൽ താമസസ്ഥലത്തേക്ക് തിരിച്ച എഡിഎം വഴിയിൽ വണ്ടിനിർത്താൻ ആവശ്യപ്പെട്ട്, ഇറങ്ങിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇന്നു പുലർച്ചെ പത്തനംതിട്ടയിൽ എത്തേണ്ട നവീൻ ബാബുവിനെ കാത്ത് ബന്ധുക്കൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ എത്തിയിട്ടും നവീൻ ബാബു ഇറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നവീന്‍റെ ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാരാണ്. രണ്ടു പെൺമക്കളും വിദ്യാർഥികളാണ്. ഇടതു സഹയാത്രികനാണ് നവീൻ ബാബു. എൻജിഒ അസോസിയേഷൻ അംഗമായിരുന്നു. ഭാര്യ മഞ്ജുഷയും അസോസിയേഷന്‍റെ മുൻ ഭാരവാഹിയാണ്. നവീന്‍റെയും മഞ്ജുഷയുടെയും കുടുംബങ്ങൾ സിപിഎം അനുഭാവികളാണ്. നവീന്‍റെ അമ്മ 1979ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചിരുന്നു. മാതാപിതാക്കൾ രണ്ടുപേരും അധ്യാപകരായിരുന്നു.

 

Comments (0)
Add Comment