രണ്ടു വയസ്സുള്ള കുട്ടിയുള്‍പ്പടെ തിരുവനന്തപുരത്ത് 3 പേർക്ക് കൂടി സിക സ്ഥിരീകരിച്ചു

Jaihind Webdesk
Monday, July 12, 2021

തിരുവനന്തപുരം : രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ 3 പേർക്കു കൂടി തിരുവനന്തപുരത്ത് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയവരുടെ എണ്ണം ഇതോടെ 18 ആയി. ഇതിൽ 14 പേരും ആരോഗ്യ പ്രവർത്തകരാണ്. പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ കേന്ദ്ര വിദഗ്ധ സംഘം നിർദേശിച്ചു. 2100 പരിശോധനാ കിറ്റുകൾ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ സാംപിളുകൾ കോയമ്പത്തൂരിലെ ലാബിൽ പരിശോധിച്ചപ്പോഴാണു 3 പേർക്കു കൂടി രോഗം കണ്ടെത്തിയത്. കുട്ടിക്കു പുറമേ 46 വയസ്സുളള പുരുഷൻ, 29 വയസ്സുള്ള ആരോഗ്യ പ്രവർത്തക എന്നിവർക്കാണു രോഗബാധ.

തിരുവനന്തപുരത്തു സന്ദർശനം നടത്തുന്ന വിദഗ്ധ സംഘം ആരോഗ്യ വകുപ്പ് ഡയറക്ടറുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. സംഘം ഇന്നു രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

സിക വൈറസ് പരിശോധന നടത്താൻ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പനി, ചുവന്ന പാടുകൾ, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ, പ്രത്യേകിച്ച് ഗർഭിണികളെ, സിക വൈറസ് പരിശോധനയ്ക്കു വിധേയമാക്കാൻ ആശുപത്രികൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.