വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി അദ്ധ്യക്ഷയും വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിള കോൺഗ്രസിലേക്ക് ചേരാൻ ധാരണയായി. ലയനം നാളെ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്ര കോൺഗ്രസിൽ ശർമിള കൂടി എത്തുന്നതോടുകൂടി പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ പാർട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.
വൈഎസ്ആർ തെലങ്കാന പാർട്ടി പ്രസിഡന്റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശർമിള ജനുവരി നാലിന് പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുമെന്നാണ് വിവരം. തെലങ്കാന സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച ശർമിള കഴിഞ്ഞദിവസം ഡൽഹിയിൽ കോൺഗ്രസ് പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു . ശർമിളയുടെ പാർട്ടിയായ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി ജനുവരിയിൽ കോൺഗ്രസിൽ ലയിച്ചേക്കുമെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.
ആന്ധ്ര മുഖ്യമന്ത്രിയായിരിക്കുന്ന സഹോദരൻ ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2021ലാണ് ശർമിള വൈഎസ്ആർടിപി സ്ഥാപിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിയായി ശര്‍മിളയ്ക്ക് ഉത്തരവാദിത്വം നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും വലിയ ഉത്തരവാദിത്വം ശര്‍മിളയ്ക്ക് നല്‍കിയേക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ശര്‍മിളയുടെ സഹോദരനുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് എതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ശർമ്മയ്ക്ക് ആകും എന്നാണ് പ്രതീക്ഷ. അതേസമയം ആന്ധ്ര കോൺഗ്രസിൽ ശർമിള കൂടി എത്തുന്നതോടുകൂടി പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ പാർട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.