അശ്ലീല പരാമർശം: പരാതി നല്‍കിയിട്ടും നടപടി ഇല്ല ; യൂട്യൂബർക്ക് നേരെ സ്ത്രീകളുടെ രോഷം | VIDEO

Jaihind News Bureau
Saturday, September 26, 2020

 

തിരുവനന്തപുരം: യൂട്യൂബിൽ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും സ്ത്രീകളെ അടച്ചാക്ഷേപിക്കുകയും ചെയ്ത വ്യക്തിക്ക് നേരെ കരി ഓയിൽ പ്രയോഗം. ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുടേയും ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സനയുടേയും നേതൃത്വത്തിലെ സ്ത്രീകളുടെ സംഘമാണ് വിജയ് പി. നായർ എന്ന വ്യക്തിയുടെ സ്ഥലത്തെത്തി കരിയോയിൽ ഒഴിച്ചത്.

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്ക് നേരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു കരിമഷി പ്രയോഗം. സന്നദ്ധ പ്രവര്‍ത്തകയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന പ്രതിഷേധത്തിന്‍റെ ലൈവ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

വിട്രിക്സ് സീൻ എന്ന യൂട്യൂബ് ചാനൽ ഉടമ വിജയ് പി നായർക്കെതിരെയാണ് കരി ഓയിൽ പ്രയോഗിച്ചത്. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി. നായരുടെ വീട്ടിലാണ് സംഭവം അരങ്ങേറിയത്. പത്തു മിനിറ്റോളം നീളുന്ന വാഗ്വാദത്തിനിടെ ഇയാൾ ചെയ്തുവെന്നാരോപിക്കുന്ന കൃത്യങ്ങൾ പ്രതിഷേധക്കാരുടെ സംഘം ചോദ്യം ചെയ്യുന്നുണ്ട്.

യൂട്യൂബ് ചാനലിനെതിരെ വനിത ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡ്വൈസർ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്ക് നേരെ കരിമഷി പ്രയോഗം നടത്തിയത് സംസ്ഥാനത്ത് നിയമവ്യവസ്ഥ ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണെന്നും സൈബര്‍ നിയമമില്ലാത്തത് കൊണ്ടാണെന്നും നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും സന്നദ്ധ പ്രവര്‍ത്തകയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സനയും പറഞ്ഞു.