ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനിയെപ്പറ്റി അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

Jaihind News Bureau
Saturday, September 5, 2020

 

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ബിനീഷിന്‍റെ മണി എക്സ്ചേഞ്ച് കമ്പനിയെപ്പറ്റി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  മണി എക്സ്ചേഞ്ചിന്‍റെ മറവിൽ ഏതൊക്കെ കറൻസികൾ വിനിമയം നടത്തി എന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കണം. ബിനീഷിന്‍റെ ബിനാമിയായി പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫിന്‍റെ ഉടമസ്ഥതയിലുള്ള യുഎഎഫ്എക്സ് എന്ന കമ്പനിയാണ് തനിക്കു കമ്മിഷൻ നൽകിയത് എന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയും അന്വേഷിക്കണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.

ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴിയും ഫോൺ രേഖകളും പുറത്തുവന്നതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിക്കെതിരെ പുതിയ ആരോപണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പികെ ഫിറോസ് രംഗത്തെത്തിയത്. 2015ല്‍ ബാംഗ്ലൂരിൽ രജിസ്റ്റർ ചെയ്ത ബി ക്യാപിറ്റൽ ഫോറസ്റ്റ് റേറ്റിംഗ് എന്ന മണി എക്സ്ചേഞ്ച് കമ്പനി ആരംഭിച്ചെങ്കിലും പ്രവർത്തനങ്ങൾ നടത്തുകയോ വാർഷിക റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യാതെ ഡമ്മി കമ്പനിയായി നിലനിർത്തിയത് എന്തിനെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കണം. കമ്പനിക്ക് എവിടെനിന്ന് ലൈസൻസ് ലഭിച്ചു എന്നും അന്വേഷിക്കണം. വിഷയത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം നടത്തണം. എല്ലാ തെളിവുകളും കൈമാറാൻ യൂത്ത് ലീഗ് തയ്യാറാണെന്നും പികെ ഫിറോസ് വ്യക്തമാക്കി.

2018ൽ ആരംഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ ഉടമസ്ഥനായ അബ്ദുള്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണ്. ഈ വസ്തുത നിലനിൽക്കെയാണ്, യുഎഎഫ്എക്സ് സൊല്യൂഷൻസ് ആണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷൻ നൽകിയതെന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയത്. ബിനീഷ് ഉപയോഗിക്കുന്ന കാറുകളിൽ ഒന്ന് ലത്തീഫിന്‍റേതാണ്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ ഈ വിഷയങ്ങളും ഉൾപ്പെടുത്തണമെന്നും പി.കെ ഫിറോസ് കോഴിക്കോട് ആവശ്യപ്പെട്ടു.