മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം മുറുകുന്നു. ബന്ധുനിയമനം നടത്തിയ കെ.ടി ജലീൽ രാജിവെക്കുകയോ, മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുകയോ ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ബന്ധുനിയമനത്തെ ന്യായീകരിച്ച മന്ത്രി കെടി ജലീൽ, സ്വയം കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും യൂത്തലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് പറഞ്ഞു.
ചട്ടങ്ങളും നിയമങ്ങളും കാറ്റിൽപറത്തി പിതൃ സഹോദര പുത്രനെ തന്‍റെ കീഴിൽ സർക്കാർ സ്ഥാപനത്തിലെ ഉന്നത പദവിയിൽ നിയമിച്ച മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതൽ തെളിവുകളുമായി യൂത്ത് ലീഗ് രംഗത്തെത്തി. ബന്ധുനിയമനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ വിദേശത്തുള്ള മന്ത്രി കെ.ടി ജലീൽ ഫേസ് ബുക്കിലൂടെ നിയമനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. മന്ത്രി തന്നെ കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഗവർണറെ കാണും.
യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാർഥികളെ ഒഴിവാക്കിയാണ് വിദ്യാഭ്യാസ യോഗ്യതയില്ലാത്ത, ഇന്‍റര്‍വ്യൂവിൽ പോലും പങ്കെടുക്കാത്തയാളെ മന്ത്രി ജലീൽ, ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതെന്ന് യൂത്ത് ലീഗ് തെളിവുകൾ നിരത്തി ആവർത്തിച്ചു.
ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജറാകാൻ തന്‍റെ ബന്ധുവായ കെ.ടി അദീബിന് താൽപര്യമുണ്ടായിരുന്നില്ലെന്ന മന്ത്രി ജലീലിന്‍റെ വാദം കളവാണ്. താൽപര്യമില്ലാത്തയാൾ എന്തിന് അപേക്ഷ സമർപ്പിച്ചുവെന്നതിന് മന്ത്രി മറുപടി പറയണം. റൂൾ 9 ബി പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ, സ്റ്റാറ്റ്യൂട്ടറി ബോർഡുകളിൽ നിന്നോ മാത്രമേ ജനറൽ മാനേജർ തസ്തികയിലേക്ക് നിയമനം നടത്താവൂ എന്നിരിക്കെ, അടസ്ഥാനയോഗ്യതയില്ലാത്തതും സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥനുമായ പിതൃ സഹോദരപുത്രനെ ഉന്നത പദവിയിൽ നിയമിച്ചതിലൂടെ മന്ത്രി സ്വജനപക്ഷപാതം നടത്തിയിരിക്കുകയാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധു രാജിവച്ചാലും, സ്വജനപക്ഷപാതം നടത്തിയ കെ.ടി ജലീൽ മന്ത്രി സ്ഥാനത്തുനിന്ന് രാജിവക്കുംവരെ സമരം തുടരാനാണ് യൂത്ത് ലീഗിന്‍റെ തീരുമാനം.