മൂവർണത്തെ സ്നേഹിച്ച സൈബർ പോരാളിയുടെ ആകസ്മിക വിയോഗം കോൺഗ്രസ് സൈബർ ലോകത്തെ ദു:ഖത്തിലാഴ്ത്തി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വില്‍ഫ്രഡ് ജോസ് വാഹനാപകടത്തില്‍ മരിച്ചു; അനുശോചന പ്രവാഹം

Jaihind Webdesk
Sunday, October 6, 2019

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്‍ വില്‍ഫ്രഡ് ജോസ് ബാംഗ്ലൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ആദ്യം ബാംഗ്ലൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും തുടർന്ന് മാംഗ്ലൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ബാംഗ്ലൂരില്‍ വെച്ചായിരുന്നു വില്‍ഫ്രഡിനെ ബൈക്ക് ഇടിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.

കോണ്‍ഗ്രസിന്‍റെ അതിശക്തനായ സൈബർ പോരാളിയായിരുന്നു വില്‍ഫ്രഡ്. കണ്ണൂർ തയ്യിൽ സ്വദേശിയായ വില്‍ഫ്രഡ് ജോസ് ബാംഗ്ലൂരിലെ ഒരു സ്വകാര്യ ടെക്സ്റ്റൈൽ മില്ലിൽ ക്വാളിറ്റി ചെക്കർ ആയി ജോലി ചെയ്തുവരികയായിരുന്നു. വില്‍ഫ്രഡിന്‍റെ വിയോഗത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കെ സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, കണ്ണൂർ ഡി.സി.സി പ്രസിന്‍റ് സതീശൻ പാച്ചേനി, എം.എല്‍.എമാരായ വി.ഡി സതീശന്‍, ഷാഫി പറമ്പിൽ തുടങ്ങി നിരവധി നേതാക്കൾ വിൽഫ്രഡിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു. കോൺഗ്രസിന്‍റെ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ് ബുക്ക് പേജുകളിലും വിൽഫ്രഡിന്‍റെ ഓർമകൾ പങ്കുവെച്ചുകൊണ്ട് സൈബർ സുഹൃത്തുക്കളുടെ പോസ്റ്റുകൾ ഏവരെയും ദു:ഖത്തിലാഴ്ത്തും.  നൂറു കണക്കിന് പേജുകളിലാണ് വിൽഫ്രഡിന്‍റെ മരണത്തിൽ അനുശോചിച്ച് പോസ്റ്റുകൾ അപ് ലോഡ് ചെയ്യപ്പെട്ടത്.

കോണ്‍ഗ്രസിന് വേണ്ടി പോരാടിയ കുഞ്ഞനുജനെയാണ് നഷ്ടമായതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വില്‍ഫ്രഡിന്‍റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

 

സാമൂഹ്യമാധ്യമരംഗത്ത് രാപകല്‍ പ്രവര്‍ത്തിച്ചയാളായിരുന്നു വില്‍ഫ്രഡെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അനുശോചനസന്ദേശത്തില്‍ അറിയിച്ചു.

https://m.facebook.com/story.php?story_fbid=1115150922027638&id=147471295462277