തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തിൽ മന്ത്രി ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാർച്ച് യുഡിഎഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യും.
അതേസമയം ജലീലിനെതിരായ ലോകായുക്ത റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ജലീല്‍ ബന്ധുനിയമനം നടത്തിയതായി വ്യക്തമാണെന്നും മന്ത്രിക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് മൂന്നുമാസത്തെ സമയമാണുള്ളത്. എന്നാല്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെങ്കില്‍ വിഷയത്തില്‍ ഗവർണർക്ക് ഇടപെടാനാകും. ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെയെങ്കിലും നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്.
അതേസമയം ലോകായുക്ത വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ജലീല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും സംരക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരെയും ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്.