സ്പ്രിങ്ക്ളർ ഡാറ്റാ കരാറില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷധത്തിന്. മുഖ്യമന്ത്രി ഐ.ടി വകുപ്പ് ഒഴിയണമെന്നും വിവാദ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടും ഏപ്രില്‍ 24ന് സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിലായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അറിയിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രതിഷേധം. 5,000 കേന്ദ്രങ്ങളില്‍ 3 പേർ വീതം 15,000 പേരെ പങ്കെടുപ്പിച്ചായിരിക്കും പ്രതിഷേധമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.
സമരവും കരുതലും എന്ന ആപ്തവാക്യം മുന്‍നിർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സർക്കാരിനെതിരായ പ്രതിഷേധത്തിനൊപ്പം ലോക്ക്ഡൗൺ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി 1 ലക്ഷം പച്ചക്കറി കിറ്റുകളും വിതരണം ചെയ്യും. റെഡ് സോണില്‍പ്പെടുന്ന ജില്ലകളില്‍ പ്രതിഷേധം വീടുകളില്‍വെച്ചുതന്നെ സംഘടിപ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
#സമരവും_കരുതലും #ഏപ്രിൽ_24ന് .
അവഗണിച്ച് തള്ളാൻ പറ്റിയ വീഴ്ചകൾ അല്ല സർക്കാർ സ്പ്രിംഗ്‌ളർ ഇടപാടിൽ നടത്തിയിട്ടുള്ളത് .
മറച്ച് വെക്കാനൊന്നുമില്ലെങ്കിൽ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം .
ഈ ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ്സ് 24ന് ലോക്ക് ഡൗൺ മാനദണ്ഡങ്ങൾക്ക് വിധേയമായി 5000 കേന്ദ്രങ്ങളിൽ 3 ആൾ വീതം 15000 ചെറുപ്പക്കാരെ പങ്കെടുപ്പിച്ച് സമരം ചെയ്യും .
ലോക്ക് ഡൗൺ പ്രയാസങ്ങളിലുള്ളവർക്ക് കരുതലായി 1 ലക്ഷം പച്ചക്കറി കിറ്റുകളും വിതരണം ചെയ്യും .
Red spot ജില്ലകളിൽ പ്രതിഷേധം വീടുകളിൽ വെച്ച് തന്നെ സംഘടിപ്പിക്കും .
(ആൾക്കൂട്ട സമരങ്ങൾ പാടില്ല )
#sprinklrscam