മുഖ്യമന്ത്രിയുടെ രാജി; യൂത്ത് കോണ്‍ഗ്രസ് മാർച്ചില്‍ പൊലീസ് അതിക്രമം; നിരവധി പ്രവർത്തകർക്ക് പരിക്ക്| VIDEO

Jaihind News Bureau
Friday, August 28, 2020

 

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം. കണ്ണൂര്‍ എസ്.പി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തിവീശി. പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു. കെ.സുധാകരന്‍ എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു.  കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

പത്തനംതിട്ട എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എം.ജി കണ്ണന്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി എസ് പി ഓഫീസിലേക്ക്  നടത്തിയ മാർച്ചിലും സംഘർഷം ഉണ്ടായി. ബാരിക്കേഡ് മറികടന്ന് എസ്പി ഓഫീസിലേക്ക് ഓടികയറാന്‍ ശ്രമിച്ച നാല് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ പൊലീസ് അതിക്രമം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിലും  സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാതിരുന്ന പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് നടന്ന ധർണ ടി.എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഒ.ജെ.ജനീഷ് അധ്യക്ഷനായിരുന്നു.

 

https://www.facebook.com/JaihindNewsChannel/videos/739488633276206