വയനാട് വൈത്തിരിയിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

 

വയനാട്: വൈത്തിരിയിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്. വ്യവസായ വകുപ്പിന്‍റെ കെ- സ്വിഫിറ്റ് രജിസ്ട്രേഷന്‍റെ പേരിൽ വൈത്തിരി പഞ്ചായത്തിൽ അനധികൃത നിർമ്മാണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ അധികാരികൾ നടപടി എടുക്കും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും യൂത്ത് കോൺഗ്രസ്‌ കല്പറ്റ നിയോജകമണ്ഡലം ഭാരവാഹികൾ പറഞ്ഞു.

പഞ്ചായത്തിന്‍റെ അനുമതിയോടെയാണ് അനധികൃത നിർമ്മാണങ്ങൾ നടക്കുന്നത്. പഞ്ചായത്തിൽ നടക്കുന്ന നിർമ്മാണങ്ങൾ അനധികൃതമാണെന്ന് അറിഞ്ഞിട്ടും പഞ്ചായത്ത് ഒരു നടപടിയും എടുക്കാതെ നോക്കുകുത്തിയായി നിൽക്കുകയാണെന്നും റെഡ് സോണിൽ പെട്ട സ്ഥലത്തും പുഴ കൈയേറിയുമാണ് പല നിർമ്മാണങ്ങളും നടക്കുന്നതെന്നും ഇതിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യൂത്ത് കോണ്ഗ്രസ് കല്പറ്റ നിയോജകമണ്ഡലം നേതാക്കൾ പറഞ്ഞു.

അനധികൃതമായി പ്രവർത്തിക്കുന്ന നിർമ്മാണങ്ങൾക്കെല്ലാം കെ-സ്വിഫ്റ്റിന്‍റെ രജിസ്ട്രേഷൻ ഉണ്ടെന്ന് പറഞ്ഞ് 3.5 വർഷക്കാലത്തേക്ക് പ്രവർത്തിക്കാനുള്ള മൗനാനുവദം നൽകുകയാണ് പഞ്ചായത്ത്. ഇതിനു പുറകിൽ വലിയ സാമ്പത്തിക ഇടപാടുകൾ പഞ്ചായത്ത് അധികൃതർ നടത്തുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ആരോപിച്ചു

Comments (0)
Add Comment