കൂളിമാട് പാലം തകർന്ന സംഭവം : പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്

Jaihind Webdesk
Thursday, May 26, 2022

കോഴിക്കോട് കൂളിമാട് പാലം തകർന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. നിർമാണത്തിലെ അപാകത സംഭവിച്ചതിൽ വിശദമായ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ മെയ്‌ 16 നാണു മലപ്പുറം കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം തകർന്നത്. നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിലിരിക്കെ എടവണ്ണ പാറ ഭാഗത്തോട് ചേർന്ന മൂന്ന് ഭീമുകൾ തകർന്നു വീണു. ഹൈഡ്രോലിക് ജാക്കിയിലുണ്ടായ തകരാറാണ് കാരണമെന്ന് പദ്ധതി നടത്തിപ്പുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ നിർമാണത്തിലെ അപാകത തന്നെയാണെന്നാണ് അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടത്. അപാകതയുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ വിശദമായ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്നാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഉൾപ്പെടെ ആവശ്യപ്പെടുന്നത്.

പാലം തകർന്ന ദിവസം വയനാട്ടില്‍ ഗവ. എഞ്ചിനീയര്‍മാരുടെ സംഘടന നടത്തിയ കലാകായികമേളയില്‍ പങ്കെടുക്കുകയായിരുന്നു ബന്ധപ്പെട്ട പാലം നിർമ്മാണവുമായി ഉദ്യോഗസ്ഥര്‍. ബീമുകള്‍ സ്ഥാപിക്കുമ്പോഴോ തകരുമ്പോഴോ പദ്ധതിയുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് എന്‍ജിനീയറും അസി.എന്‍ജിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് ബീമുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള സുപ്രധാന ജോലികള്‍ നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.