തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മോദിയുടെ കോലം കത്തിച്ചു. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കഴിഞ്ഞ ദിവസം രാത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സിഎഎയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ആത്മാര്‍ത്ഥത ഇല്ല എന്നത് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. അഞ്ച് കൊല്ലമായി എന്തുകൊണ്ടാണ് കേസുകള്‍ പിന്‍വലിക്കാതിരുന്നത് എന്നതില്‍ മറുപടി വേണമെന്നും വി ഡി സതീശന്‍ വിമർശിച്ചു. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ മതത്തിന്‍റെ പേരിൽ മോദി അട്ടിമറിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കെപിസിസി വൈസ് പ്രസിഡൻറ് വി.ടി. ബലറാം കുറ്റപ്പെടുത്തി. പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് നിരവധി തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.