നങ്കന സാഹിബ് ഗുരുദ്വാര ആക്രമണം ; പാക് എംബസിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Saturday, January 4, 2020

പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാര ആക്രമണത്തിനെതിരെ ഡല്‍ഹിയിലെ പാകിസ്ഥാന്‍ എംബസിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി.വിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

സിഖ് സമുദായത്തിന് നേരെയുള്ള വർഗീയ അക്രമത്തെ ശക്തമായി അപലപിച്ച ശ്രീനിവാസ് എംബസിക്ക് പുറത്ത് പാകിസ്ഥാൻ പതാക കീറി പ്രതിഷേധിച്ചു. തീർത്ഥാടകർക്കും ഗുരുദ്വാരയ്ക്കും എതിരെയുണ്ടായ അക്രമം അപലപനീയമെന്നും ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനും പാകിസ്ഥാനുമുള്ള മുന്നറിയിപ്പാണിതെന്നും ബി.വി ശ്രീനിവാസ് പറഞ്ഞു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സിഖ് മതസ്ഥാപകൻ ഗുരു നാനാക്കിന്‍റെ ജന്മസ്ഥലാണ് നങ്കന സാഹിബ്. വെള്ളിയാഴ്ച വൈകിട്ടാണ് ഗുരുദ്വാര വളഞ്ഞ് അക്രമിസംഘം കല്ലേറ് നടത്തിയത്. ഇതേത്തുടർന്ന് നിരവധി വിശ്വാസികൾ ഗുരുദ്വാരയിൽ കുടുങ്ങിയിരുന്നു.