യുവജന വിരുദ്ധ ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സർക്കാർ ഉത്തരവ് കത്തിച്ചു

തിരുവനന്തപുരം: പി.ജി , എം.ഫിൽ, പിഎച്ച്ഡി,നെറ്റ്, ജെആർഎഫ് തുടങ്ങി ഉന്നത ബിരുദമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ തൊഴിലെന്ന സ്വപ്നത്തെ കൊറോണക്കാലത്തിന്‍റെ മറവില്‍ ഇറക്കിയ ഉത്തരവിലൂടെ സർക്കാർ തകർത്തിരിക്കുകയാണ്. അപ്രഖ്യാപിത നിയമന നിരോധനമാണ്‌ വരുംവർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത് എന്ന് ഉദ്യോഗാർത്ഥികൾ ഒന്നടങ്കം പറയുന്നു. ഉത്തരവില്‍ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ എല്ലാ പ്രദേശങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രസ്തുത ഉത്തരവ് കത്തിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്  കെ.എസ്. ശബരിനാഥന്‍ എംഎല്‍എയും പ്രതിഷേധത്തില്‍ അണിചേർന്നു.  അരുവിക്കര യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് എസ്.കെ. രാഹുലിനൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുറ്റിച്ചലിലാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.

യുവജന വിരുദ്ധ ഉത്തരവിനെതിരെ കൊച്ചിയിലും പ്രതിഷേധമുണ്ടായി.  എല്ലാ വർഷവും അഞ്ച് ലക്ഷം യുവാക്കൾക്ക് ജോലി നൽകും എന്ന വാഗ്ദാനത്തിലൂടെ അധികാരത്തിലേറിയ സർക്കാർ, കേരളത്തിലെ യുവാക്കളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മറ്റിടങ്ങളിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ ഉത്തരവിന്‍റെ പകർപ്പ് കത്തിച്ചാണ് പ്രതിഷേധ സമരത്തിൽ പങ്കാളികളായത്.

 

Indian Youth Congress
Comments (0)
Add Comment