സ്പീക്കർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ; കോലം കത്തിച്ച് പ്രവർത്തകർ

Jaihind News Bureau
Tuesday, March 23, 2021

 

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റേയും മൊഴികളില്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ  യൂത്ത് കോൺഗ്രസ് പ്രതിഷേധം . സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സ്പീക്കറുടെ കോലം കത്തിച്ചു. തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി വള്ളക്കടവ് നിസാം ഉദ്ഘാടനം ചെയ്തു.

അതേസമയം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ സ്വര്‍ണക്കടത്തുകേസ് പ്രതികളായ സരിത്തും സ്വപ്നയും നല്‍കിയ മൊഴികള്‍ പുറത്ത്. സ്പീക്കര്‍ യു.എ.ഇ കോണ്‍സുല്‍ ജനറലിന് വന്‍തുക നല്‍കിയെന്ന് സരിത്ത് മൊഴി നല്‍കി. ലോകകേരള സഭയുടെ ലോഗോയുളള ബാഗില്‍ 10 കെട്ട് നോട്ടുനല്‍കി. ബാഗ് തനിക്കും സ്വപ്നയ്ക്കും നല്‍കിയത് തിരുവനന്തപുരത്ത് ഫ്ലാറ്റില്‍ വച്ചെന്നും സരിത് പറഞ്ഞു.

ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയത് സ്വപ്നയുടെ കാറിലെന്നും സരിത്. ബാഗ് കൈമാറിയത് വിമാനത്താവളത്തിന് എതിര്‍വശമുളള മരുതം റോയല്‍ അപ്പാര്‍ട്മെന്റില്‍വച്ചാണെന്നും സരിത്ത് മൊഴിയില്‍ പറയുന്നു. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ പദ്ധതി ഇട്ടെന്ന് സ്വപ്നയും മൊഴി നനല്‍കി. മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കമെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. ഹൈക്കോടതിയിൽ ഇഡി കൊടുത്ത ഹർജിക്കൊപ്പമാണ് സ്വപ്നയുടെ മൊഴിയുള്ളത്.