പി.എസ്.സി നിയമനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക്; സര്‍ക്കാരിന്‍റെ യുവജന വഞ്ചനക്കെതിരെ യൂത്ത് കോൺഗ്രസ് സമരത്തിലേക്ക്

Jaihind News Bureau
Saturday, June 13, 2020

 

സംസ്ഥാനത്ത് പി എസ് സി നിയമനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സമരത്തിലേക്ക്. പി എസ് സി റാങ്ക് ലിസ്റ്റുകളെ ശ്മശാന ഭൂമിയാക്കി മാറ്റുന്ന സര്‍ക്കാരിന്‍റെ യുവജന വഞ്ചനക്കെതിരെ ജൂണ്‍ 15 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സമരരംഗത്തുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. സർക്കാർ ജോലി എന്ന സ്വപ്നം തൊട്ടടുത്തെത്തി എന്ന് വിശ്വസിച്ചിരുന്ന പതിനായിരക്കണക്കിന് യുവതി യുവാക്കളെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

PSC നിയമനങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് –
യൂത്ത് കോൺഗ്രസ്സ് സമരത്തിലേക്ക് .

വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിലാണ് ചെറുപ്പക്കാർ ഒരു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നത് . സർക്കാർ ജോലി എന്ന സ്വപ്നം തൊട്ടടുത്ത് എത്തി എന്ന് വിശ്വസിച്ചിരുന്ന പതിനായിരക്കണക്കിന് യുവാക്കളെയും യുവതികളെയും വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത് .
റാങ്ക് ലിസ്റ്റുകളെ യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളുടെ ശ്‌മശാന ഭൂമിയാക്കി മാറ്റുന്ന സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ തിങ്കളാഴ്ച്ച മുതൽ യൂത്ത് കോൺഗ്രസ്സ് സമരരംഗത്തുണ്ടാവും .

ശിവരഞ്ജിത്ത്മാർക്കും നസീമുമാർക്കും സൂത്രത്തിൽ ജോലി കൊടുക്കാൻ PSC യുടെ വിശ്വാസ്യത പാടെ തകർത്ത, നാണം കെട്ട തട്ടിപ്പുകൾക് നേതൃത്വം നൽകിയവർക്ക്‌, മര്യാദക്ക് പഠിച്ച് പാസ്സായ ചെറുപ്പക്കാരന്റെ റാങ്ക് ലിസ്റ്റ് കാലാവധി തീരാറാവുമ്പോഴും ഒരു അനക്കവുമില്ല .

റാങ്ക് ലിസ്റ്റിലുള്ളവരുടെ പരാതി പ്രളയമാണ് യൂത്ത് കോൺഗ്രസ്സിന് ലഭിച്ചത് .
അവരുടെ കൊച്ചാപ്പമാരും ചിറ്റപ്പന്മാരും മന്ത്രിമാരല്ലാത്തത്‌ കൊണ്ട് യോഗ്യതയും അർഹതയും വേക്കൻസിയും ഉണ്ടായിട്ടും തൊഴിൽ നിഷേധിക്കുന്നവർക്കെതിരെ പോരാടാൻ യൂത്ത് കോൺഗ്രസ്സുണ്ടാവും .