മേഴ്‌സിക്കുട്ടിയമ്മയുടെ കോലം കടലില്‍ താഴ്ത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം

Jaihind News Bureau
Monday, February 22, 2021

തൃശൂർ : ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ തൃശൂരിന്‍റെ  തീരദേശ മേഖലയിൽ പ്രതിഷേധം അലയടിക്കുന്നു. മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ കോലം ആഴക്കടലിൽ മുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയ്പ്പമംഗലത്ത് പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ്‌ കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് തൃശൂർ കയ്പ്പമംഗലത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധ തിര ഉയർത്തിയത്. ആഴക്കടലിലെ കേരളത്തിന്‍റെ മത്സ്യസമ്പത്ത് അമേരിക്കൻ കുത്തകകൾക്ക് തീറെഴുതി നൽകിയെന്നാരോപിച്ച് ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ കോലം അഴീക്കോട് അഴിയിൽ മുക്കി താഴ്ത്തി പ്രവർത്തകർ പ്രതിഷേധിച്ചു.

അഴീക്കോട് ജെട്ടിയിൽ നിന്നും ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബോട്ടിൽ കടലിറങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ, നിയോജക മണ്ഡലം പ്രസിഡന്‍റ്  മനാഫ് എറിയാട് എന്നിവർ കടലിൽ ചാടിയാണ് മന്ത്രിയുടെ കോലം കെട്ടി താഴ്ത്തിയത്. ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ടി.എം നാസർ സമരം ഉത്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ ജില്ലയിലുടനീളം പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.