ഭക്ഷ്യധാന്യം പൂഴ്ത്തിവച്ചതിനെതിരെയും വ്യാജവോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും നാളെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Saturday, March 27, 2021

 

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ ഏട്ട് മാസം പൂഴ്ത്തിവച്ചതിനെതിരെയും, വ്യാജവോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ ( 28-3-2021 ന് ) വൈകിട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ അറിയിച്ചു.

കഴിഞ്ഞ ഏട്ടുമാസമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാതെ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ സ്വാധീനിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ അത് വിതരണം ചെയ്യാന്‍ ശ്രമിച്ചു. അതോടൊപ്പം മെയ് മാസത്തില്‍ നല്‍കേണ്ട ക്ഷേമ പെന്‍ഷനുകള്‍ ഏപ്രില്‍ മാസം ആദ്യം തന്നെ മുന്‍കൂറായി വിതരണം ചെയ്യാനും സര്‍ക്കാര്‍ തിരുമാനിച്ചു. ഇതും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു .

ഒരേ നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളിലും, അതോടൊപ്പം സമീപ നിയോജക മണ്ഡലങ്ങളിലും ഒരേ വ്യക്തിയുടെ വിവിധ ഫോട്ടോകള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് വ്യാജവോട്ടുകളാണ് ചേര്‍ത്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് വ്യക്തമായിരിക്കുകയാണ്. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ  നേതൃത്വത്തില്‍ നാളെ പ്രതിഷേധ പ്രകടനം നടത്തുന്നതെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.