ചേർപ്പിലെ യൂത്ത് കോൺഗ്രസ് സമരം എംഎല്‍എയുടെ നിരുത്തരവാദിത്വം തുറന്നു കാണിക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ്

Jaihind News Bureau
Tuesday, July 30, 2019

തൃശൂരിൽ ചേർപ്പിൽ യൂത്ത് കോൺഗ്രസ് നടത്തിയ സമരം എംഎല്‍എയുടെ നിരുത്തരവാദിത്വം തുറന്നു കാണിക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന് ബോധ്യപ്പെട്ടതായി യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്. തന്‍റെ നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനീയമായ അവസ്ഥ പരിഹരിക്കേണ്ടത് എംഎല്‍എയാണ്. ആ ഉത്തരവാദിത്വം നിറവേറ്റാതെ സമര പരിപാടിയുമായി ഇറങ്ങിയത് ജനങ്ങളെ കബളിപ്പിക്കലാണ്. ഇത് സമൂഹ മധ്യത്തിൽ തുറന്നു കാണിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷ യുവജന സംഘടനയ്ക്കുണ്ട്. ആ നിലയിലാണ് എംഎല്‍എയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സമരം ചെയ്തത് എന്ന് ബോദ്ധ്യപ്പെട്ടതായും, എംഎൽഎയുടെ കഴിവില്ലായ്മ ജനങ്ങൾക്ക് ബോധ്യമായപ്പോൾ അതു മറച്ചുവയ്ക്കാൻ ജാതിയുടെ പേരുപറഞ്ഞ് ആക്ഷേപിക്കാൻ ശ്രമിക്കുകയും, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുപ്പിക്കുന്നതിന് ഭരണസ്വാധീനം ഉപയോഗിക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായി നേരിടുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു.