കോടതി വിധി ക്രിമിനലുകളുടെ ആരാധനാലയമായ സര്‍ക്കാരിനുള്ള തിരിച്ചടി; അന്വേഷണം അട്ടിമറിക്കാന്‍ ചെലവിട്ട പണം ഖജനാവില്‍ തിരിച്ചടക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, August 25, 2020

 

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിട്ട കോടതി വിധി സ്വാഗതാര്‍ഹമെന്ന് യൂത്ത് കോണ്‍ഗ്രസ്. വിധി കൊലയാളികളുടെ ദൈവമായ മുഖ്യമന്ത്രി പിണറായി വിജയനും ആരാധനാലയമായ സര്‍ക്കാരിനുമുള്ള തിരിച്ചടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ വേണ്ടി ചെലവിട്ട പണം പിണറായി വിജയനും സിപിഎമ്മും ഖജനാവിലേക്ക് തിരിച്ചടക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരിയ കേസിലെ കോടതി വിധിയില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സർക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണ്. പ്രതികളെ രക്ഷിക്കാന്‍ പണം ചെലവാക്കിയ സർക്കാർ നാണം കെട്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കോടികള്‍ ചെലവഴിച്ചിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. കേസില്‍ നിഷ്പക്ഷ അന്വേഷണം നടന്നാല്‍ സിപിഎം നേതാക്കള്‍ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. ടി.പി വധക്കേസും സിബിഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

teevandi enkile ennodu para