വിസി വിവാദം : മന്ത്രി ബിന്ദുവിന്‍റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് : സംഘര്‍ഷം

Jaihind Webdesk
Wednesday, December 15, 2021

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

മന്ത്രി ആര്‍ ബിന്ദുവിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഇക്കാര്യം പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഇടപെടലാണ് നടന്നതെന്നും ബിന്ദുവിന്‍റെ ഇടപെടൽ വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.