ജലീലിന്‍റെ രാജിയ്ക്കായി ഇന്നും പ്രതിഷേധം ; യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ് ; നിരവധി പേർക്ക് പരിക്ക്

Jaihind News Bureau
Tuesday, September 22, 2020

 

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. തൃശൂർ ഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് തല്ലി ചതച്ചു. നിരവധി പ്രവർത്തകർക്ക് തലക്ക് പരിക്കേറ്റു. മാർച്ച് കഴിഞ്ഞ് പിരിഞ്ഞു പോയവരെ നഗരത്തിന്‍റെ പല ഭാഗത്തും പൊലീസ് പിന്തുടർന്ന് മർദ്ദിച്ചു.

ഡി സി സി ഓഫീസിൽ നിന്നും തുടങ്ങിയ മാർച്ച് ഐ.ജി ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. ഡിസിസി പ്രസിഡന്‍റ് എം.പി വിൻസന്‍റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് പിടിച്ചു കുലുക്കിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ എത്തി. തുടർന്ന് പ്രകോപനം ഒന്നും ഇല്ലാതെ പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു.  ലാത്തി ഒടിയുന്നത് വരെ മർദ്ദിച്ച ശേഷമാണ് പൊലീസ് അടങ്ങിയത്. പലരുടെയും തലക്കാണ് അടിയേറ്റത്. തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെയും മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് കോ – ഓർഡിനേറ്റർ ഷോൺ പെല്ലിശേരിയുടെ തല പൊട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ കെ പി സി സി സെക്രട്ടറി സി.എസ് ശ്രീനിവാസൻ എന്നിവർക്കും മർദനമേറ്റു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ അങ്കമാലിയിൽ നടത്തിയ മാർച്ചിലും സംഘർഷം ഉണ്ടായി. റസ്റ്റ് ഹൗസിന് സമീപത്തു നിന്നാരംഭിച്ച മാർച്ച് റോജി എം.ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷനിലേക്ക് പ്രകടനമായെത്തിയവരെ മാർക്കറ്റ് റോഡിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ബാരിക്കേഡ് മറിച്ച്  മുന്നോട്ട് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ലാത്തി വീശി. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കൊല്ലം കുണ്ടറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജകം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് മുൻ എം എൽ എ ജി . പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു.