പ്രവാസികളോടുള്ള സര്‍ക്കാര്‍ വിവേചനം; ജസ്റ്റിസ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Monday, June 22, 2020

പ്രവാസികളോടുള്ള സര്‍ക്കാര്‍ വിവേചനത്തിനെതിരെ ജസ്റ്റിസ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്. സാമൂഹിക അകലം പാലിച്ച് ജൂണ്‍ 25ന് കരിപ്പൂര്‍ മുതല്‍ കോഴിക്കോട് വരെയാണ് മാര്‍ച്ച്. ഇരുന്നൂറിലധികം പേര്‍ കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച് കഴിഞ്ഞു. കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയാണ്. ഇതിനിടയില്‍ മതിയായ കൂടിയാലോചനകൾ ഇല്ലാതെ, പ്രായോഗികത പരിഗണിക്കാതെ എടുക്കുന്ന സർക്കാർ തീരുമാനങ്ങൾ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നും സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘നമുക്കാവശ്യമുള്ളപ്പോ മാത്രം ഓർക്കേണ്ട പേരല്ല പ്രവാസി എന്നത്‌. അവർക്ക് ആവശ്യമുള്ളപ്പോ ഓർക്കേണ്ട പേര് കൂടിയാണത്’-അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.