ലോകാരോഗ്യദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, April 7, 2020

തിരുവനന്തപുരം: ലോകാരോഗ്യ ദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ച് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്‌സുമാർക്കും ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ആദരം അർപ്പിച്ചു. റോസാപൂക്കളും ചോക്ലേറ്റും നൽകിയാണ് ആരോഗ്യപ്രവർത്തകർക്ക് യൂത്ത് കോൺഗ്രസ് ആദരവ് അർപ്പിച്ചത്.

ഏറ്റവും ദുർഘടം നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് ഇപ്പോൾ എല്ലാവരും കടന്നുപോകുന്നതെന്നും ഈ സന്ദർഭത്തിൽ ഏറെ മാനസിക സംഘർഷം നേരിടുന്ന തങ്ങൾക്ക് ഇത്തരം ആദരം സന്തോഷം നൽകുന്നതാണെന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു. ഈ അംഗീകാരത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന്  ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ് നുസൂർ, എസ്.എം ബാലു, ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോട്, സംസ്ഥാന സെക്രട്ടറി അരുൺ രാജൻ എന്നിവരുടെ നേതൃത്വത്തിൽ റോസാപ്പൂക്കളും ചോക്ലേറ്റും നൽകിയാണ് ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചത്. ജില്ലാ കമ്മിറ്റി സ്ഥിരമായി നല്‍കുന്ന പൊതിച്ചോറ് വിതരണവും ആശുപത്രിയിൽ നടത്തി. വാമനപുരം അസംബ്ലി പ്രസിഡന്‍റ് യൂസഫ് കല്ലറയുടെ നേതൃത്വത്തിൽ ആയിരത്തോളം പൊതിച്ചോറാണ് ഇന്ന് നഗരത്തിലെ പലഭാഗങ്ങളിലുമായി നൽകിയത്.