കൊവിഡ് -19 : സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം; മാതൃകയായി യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്

കൊവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി  യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് നിയാസ് ഭാരതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ അദ്ദേഹം സംഭാവനയായി നൽകി. ഇത് വിഭാഗീയതയുടെ സമയമല്ലെന്നും ഏത് സർക്കാർ ആയാലും ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് നമ്മളും നിങ്ങളുമില്ലെന്നും ഞങ്ങൾ മാത്രമേ ഉള്ളൂവെന്നും നിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

“ഓര്‍മ വെച്ച നാൾ മുതൽ ബൂത്തു തലത്തിൽ കോൺഗ്രസ് പ്രവർത്തനം തുടങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥന വൈസ് പ്രസിഡന്‍റ് വരെ ആയ ഒരാളാണ് ഞാൻ .ജീവിതാവസാനം വരെയും ആ ത്രിവർണ്ണ കൊടി തന്നെയാണ് എന്‍റെ കൊടിയും…” നിയാസ് പറയുന്നു. സർക്കാരിന്‍റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം തന്‍റെ പോസ്റ്റിലൂടെ അറിയിച്ചു. ഇതോടൊപ്പം കൊറോണ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് സപ്പോർട്ടും, പ്രതീക്ഷയും നല്‍കാൻ യുവജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട്, പ്രശസ്ത സിനിമ താരവും സംസ്ഥാന അവാർഡ് ജേതാവുമായ പ്രിയങ്ക നായരോടൊപ്പം ‘be positive ‘എന്ന സന്ദേശവുമായി യുവ ഭാരത് മിഷൻ എന്ന യുവജന കൂട്ടായ്മയുടെ പേരിൽ പ്രചരണം നടത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

നമ്മളുമില്ല ,നിങ്ങളുമില്ല ,ഞങ്ങൾ മാത്രം .

ഇത് തർക്കിക്കാനും ,ആരോപണം ഉന്നയിക്കാനും ,ആക്ഷേപിക്കാനും ഉള്ള സമയമല്ല .ഇത് ഒരുമിച്ചു നിൽക്കേണ്ട സമയമാണ് .ലോകം മുഴുവൻ അതി ഗുരുതരമായ ഒരു വലിയ വിപത്തിനെ നേരിടുകയാണ് . ഇതിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചു നിന്ന് അതിജീവിക്കേണ്ട സമയമാണ് . സാമ്പത്തികമായും ,മാനസികമായുമൊക്കെ നമ്മൾ ഓരോരുത്തരും പ്രതി സന്ധിയിലാണ് .

ലോകത്തിലുള്ള എല്ലാ സർക്കാരുകളും ഇതിനെ അതിജീവിക്കാനുള്ള പ്രയത്നത്തിലാണ് .സർക്കാരുകളോടൊപ്പം ജനങ്ങളും ഒരേ മനസ്സോടെ ഒരേ വികാരത്തോടെ ഒരുമിച്ചു നിൽക്കേണ്ട സമയമാണ് .

സംവിധാനങ്ങൾ ഒരുക്കാനും ,ഇതിനെ നേരിടാനും സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയും, പ്രതിസന്ധിയുമാണ് .എല്ലാ മേഖലകളും അടച്ചിട്ടതോടെ നികുതി വരുമാനവും നിലച്ച അവസ്ഥയും.

ഓര്‍മ വെച്ച നാൾ മുതൽ ബൂത്തു തലത്തിൽ കോൺഗ്രസ് പ്രവർത്തനം തുടങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥന വൈസ് പ്രസിഡന്‍റ് വരെ ആയ ഒരാളാണ് ഞാൻ .ജീവിതാവസാനം വരെയും ആ ത്രിവർണ്ണ കൊടി തന്നെയാണ് എന്‍റെ കൊടിയും. എന്നാലിത് വിഭാഗീയതയുടെ സമയമല്ല. ഏത് സർക്കാർ ആയാലും സർക്കാരിനൊപ്പം ജനങ്ങൾ നിൽക്കേണ്ട സമയമാണ്. സുനാമി വന്നപ്പോഴും ,പ്രളയം വന്നപ്പോഴും ഒക്കെ നമ്മൾ ഒറ്റകെട്ടായി നിന്നതാണ് .ഈ പ്രതിസന്ധിയിലും നമുക്ക് ഒരുമിച്ചു നിൽക്കണം. വിഭാഗീയതയുടെയോ ,ജാതിയുടെയോ ,മതത്തിന്‍റെയോ ,രാഷ്ട്രീയത്തിന്‍റെയോ സമയമല്ലിത് .സർക്കാരിനൊപ്പം നിന്ന് ഈ പ്രതിസന്ധിയെ അതിജീവിക്കണം .

ഭൂമിയും ,വീടുമില്ലാതെ നരകിച്ചിരുന്ന 20 പേർക്ക് ഞാൻ കഴിഞ്ഞ വർഷം എന്റെ ഭൂമി വിതരണം ചെയ്യുകയും ,അവിടെ അവർക്കു വീടൊരുക്കാനുള്ള ശ്രമത്തിലുമായിരുന്നു. അവരുടെ വീട് നിർമ്മാണത്തിനുപയോഗിക്കാൻ ഞാനും ഭാര്യയും കൂടി ഞങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് നീക്കി വെച്ചിരുന്ന തുകയിൽ നിന്ന് 100, 000 (ഒരു ലക്ഷം )രൂപ സർക്കാരിന്‍റ കൊറോണ വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങൾക്കുപയോഗിക്കാനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് .

എന്തെല്ലാം കൂട്ടി വെച്ചാലും, വെട്ടി പിടിച്ചാലും ജീവിച്ചിരിക്കാൻ കഴിഞ്ഞാലേ അതുകൊണ്ടൊക്കെ പ്രയോജനമുള്ളു എന്ന സത്യം എല്ലാവരും മനസ്സിലാക്കേണ്ടതാണ്.
സർക്കാരിന്‍റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിൻതുണയും അറിയിക്കുന്നു .

ഇതോടൊപ്പം കൊറോണ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് സപ്പോർട്ടും, പ്രതീക്ഷയും നല്‍കാൻ യുവജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട്, പ്രശസ്ത സിനിമ താരവും സംസ്ഥാനഅവാർഡ് ജേതാവുമായ പ്രിയങ്ക നായരോടൊപ്പം ‘be positive ‘എന്ന സന്ദേശവുമായി യുവ ഭാരത് മിഷൻ എന്ന യുവജന കൂട്ടായ്മയുടെ പേരിൽ പ്രചരണവും നടത്തുന്നത് സന്തോഷ പൂർവ്വം അറിയിക്കുന്നു
#Be_POSITIVE
#STAY_HOME

സ്നേഹപൂർവ്വം

നിയാസ് ഭാരതി
മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്

Covid 19Niyaz BharatiIndian Youth Congresscorona
Comments (0)
Add Comment