വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവം: മുകേഷിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്‌

Jaihind Webdesk
Monday, July 5, 2021

തിരുവനന്തപുരം : സഹായമഭ്യർത്ഥിച്ച് വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ എം മുകേഷ് എംഎൽഎക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നൽകി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോർഡിനേറ്റർ ജെ.എസ് അഖിൽ. ഭരണഘടനയുടെ അനുഛേദം 188-ാം അടിസ്ഥാനത്തിൽ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അഖിൽ പരാതിയിൽ ചൂണ്ടിക്കാട്ടി. അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ത്ഥിയെ പലതവണ എംഎൽഎ അപമാനിച്ചു. ഇതോടെ ആ വിദ്യാർഥി എത്രമാത്രം മാനസിക സംഘർഷത്തിലായെന്ന് ഫോൺ സംഭാഷണത്തിലൂടെ വ്യക്തമാണ്.

ഈ ഗുരുതരമായ വിഷയത്തിൽ ബാലാവകാശ കമ്മീഷൻ ആത്മാർഥമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും അഖിൽ പരാതിയിൽ ആവശ്യപ്പെട്ടു.