കൊല്ലം: നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് തിരിച്ചടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. കൊല്ലത്താണ് ഇപ്പോള്‍ നവകേരള സദസ് എത്തിനില്‍ക്കുന്നത്. ഇതിനിടെ കരിങ്കൊടി പ്രതിഷേധവും നടക്കുന്നുണ്ട്. ഇത്തവണ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ നേരിടാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് തിരിച്ചടിയാണുണ്ടായത്. കയ്യിൽ വടികളും പെപ്പർ സ്പ്രേയുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും കൊല്ലം ചിന്നക്കടയിൽ നേർക്കുനേർ ഏറ്റുമുട്ടി.
‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്ന ഫെയ്സ്ബുക് പോസ്റ്റിലെ ഒറ്റ വാചകത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. ജീവൻരക്ഷാസേന എന്ന ഹാഷ്ടാഗ് സഹിതമാണ് രാഹുലിന്‍റെ പോസ്റ്റ്. യൂത്ത് കോൺഗ്രസിനു പുറമേ കെഎസ്‌യു, മഹിളാ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ചിന്നക്കടയിൽ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ വടികളുമായി തെരുവിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി പേർക്കു പരുക്കേറ്റു. ചൂരൽ വടികൊണ്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പോലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു ഏറ്റുമുട്ടൽ. പോലീസ് തന്നെ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസുകാർ കുരുമുളക് സ്പ്രേയും ഉപയോഗിച്ചു.