സന്ദീപുമായി അടുത്തബന്ധം; പൊലീസ് അസോസിയേഷൻ ജില്ലാ നേതാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌

Jaihind News Bureau
Tuesday, July 14, 2020

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുമായി അടുത്തബന്ധം പുലർത്തിയ തിരുവനന്തപുരം കൺട്രോൾ റൂം ഗ്രേഡ് എസ് ഐയും പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റുമായ ചന്ദ്രശേഖരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌.  സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ് നുസൂർ മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. ചന്ദ്രശേഖരന്‍റെ പ്രവർത്തനം പൊലീസ് വകുപ്പിനെ തന്നെ സംശയത്തിന്‍റെ നിഴലിൽ കൊണ്ടുവരുന്നതിനാൽ  സമഗ്രാന്വേഷണം നടത്തി ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പരാതിയുടെ പൂർണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രധാന പ്രതിയായ സന്ദീപ് നായരുമായി അടുത്തബന്ധം പുലർത്തിയിരുന്ന ഒട്ടനവധി ഓഫീസർമാരുണ്ടെന്ന് അറിയുവാൻ കഴിയുന്നു. പക്ഷെ ഏറ്റവും അടുത്ത സൗഹൃദം പുലർത്തിയിരുന്നത് തിരുവനന്തപുരം കൺട്രോൾ റൂം ഗ്രേഡ് എസ് ഐയും പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡന്‍റും ആയിരുന്ന ചന്ദ്രശേഖരൻ ആണ്‌. മണ്ണന്തലയിൽ സന്ദീപിനെ പൊലീസ് പിടിച്ചപ്പോൾ സ്റ്റേഷനിൽ അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടായിരുന്നു. പല യാത്രകളിലും ഇവർ ഒരുമിച്ച് ഉണ്ടായിരുന്നതായും സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും അറിയുന്നു. അസോസിയേഷൻ പ്രസിഡന്റ് എന്ന പദവി മറ്റു പോലീസുകാരും ഉദ്യോഗസ്ഥരും ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യുന്നതാണ്. ഭരണതലബന്ധം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ നടത്താൻ ഉപയോഗിച്ചതായി അറിയാൻ കഴിയുന്നു. രാജ്യദ്രോഹകുറ്റവാളികളുമായി അടുത്ത് ബന്ധം പുലർത്തിയ ഈ ഉദ്യോഗസ്ഥൻ ഇവർക്ക് ഒളിവിൽ പോകുവാനുള്ള സൗകര്യവും ചെയ്ത്കൊടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രവർത്തനം പോലീസ് വകുപ്പിനെ തന്നെ സംശയത്തിന്റെ നിഴലിൽ കൊണ്ടുവരുന്നതിനാൽ ഇദ്ദേഹത്തിനെതിരെ സമഗ്രാന്വേഷണം നടത്തി ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് താത്പര്യപ്പെടുന്നു.