പി.ശശിക്കെതിരെ അഴിമതി ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്; സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ ഗ്രൗണ്ട് നവീകരണത്തില്‍ വന്‍ക്രമക്കേടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

 

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ അഴിമതിയാരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കൊച്ചിയിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ ഫുട്ബോള്‍ ഗ്രൗണ്ട് നവീകരണത്തിലാണ് ക്രമക്കേട് നടന്നത്. 2023 മെയിലായിരുന്നു ഗ്രൗണ്ട് നവീകരണത്തിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. എന്നാല്‍ ഇ- ടെന്‍ഡര്‍ നടക്കുമ്പോള്‍ മറുവശത്ത് വേറെ കരാര്‍ ഉണ്ടാക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്വകാര്യ കമ്പനിയും തമ്മില്‍ കരാറില്‍ ഏര്‍പെട്ടു.

ഈ സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി.ശശിയും മകനുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. ഇവര്‍ അഭിഭാഷകരായ മാഗ്‌നം സ്‌പോര്‍ട്‌സ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നും രാഹുല്‍ ആരോപിക്കുന്നു. പി. ശശി നടത്തുന്ന കൊള്ളയുടെ ഒരു ഉദാഹരണം മാത്രമാണിതെന്നും ബാക്കി പിന്നാലെ വരുമെന്നും ഈ ക്രമക്കേടില്‍ പരാതി കൊടുക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെയും രാഹുല്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.സുജിത്ത് ദാസ് സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണ്. താനൂര്‍ കസ്റ്റഡി മരണം ആസൂത്രിതമാണ്. സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിന് വേണ്ടി നടത്തിയ കൊലപാതകമാണത്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന കാലത്ത് മോശം ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥനാണ് സുജിത്ത് ദാസ്. ഇയാളുടെ സാമ്പത്തിക പശ്ചാത്തലവും പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

അതേസമയം സിപിഎം എംഎല്‍എയെ ക്കാള്‍ പവര്‍ഫുള്‍ ആണ് എഡിജിപി അജിത് കുമാര്‍ എന്നും രാഹുല്‍ പരിഹസിച്ചു. അതുകൊണ്ടാണ് അന്‍വര്‍ വായ മൂടിയത്. അജിത്ത് കുമാര്‍ മുന്‍പ് ഇടപെട്ടത് സ്വര്‍ണ്ണകടത്ത് കേസില്‍ ആണ്. മുഖ്യമന്ത്രിക്ക് അജിത് കുമാറിനെ ഭയമാണ്. മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് ഒഴിയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment